വാഷിങ്ടൺ: റിയാദിലുള്ള യു.എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരായ കരസേനാ നീക്ക പ്രഖ്യാപനത്തിൽ യു ടേൺ അടിച്ച് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ ‘ബൂട്ട്‌സ് ഓൺ ദി ഗ്രൗണ്ട്’ (കരസേനാ നീക്കം) അനിവാര്യമാകില്ലെന്നാണ് ട്രംപിന്‍റെ പുതിയ പ്രതികരണം.
ന്യൂസ്‌നേഷന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ മലക്കംമറിച്ചിൽ. റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും അമേരിക്കൻ സൈനികരുടെ കൊലപാതകത്തിനും അമേരിക്ക നൽകാൻ പോകുന്ന മറുപടി എന്താണെന്ന് ഇറാൻ ഉടൻ തന്നെ അറിയും. എന്നാൽ ഇറാനിലേക്ക് കരസേനയെ അയക്കേണ്ടിവരുമെന്ന് താൻ കരുതുന്നില്ലെന്നും അദേഹം പറഞ്ഞു. തിങ്കളാഴ്ച വരെ, ആറ് യുഎസ് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കരയാക്രമണം ഉണ്ടാകില്ല. ഞാൻ അത് പറഞ്ഞിട്ടില്ലെന്നും ട്രംപ് മറ്റൊരു അഭിമുഖത്തിൽ പറയുന്നു. "എല്ലാ പ്രസിഡന്റുമാരും പറയും 'ഒരിക്കലും കരസേനയെ ഇറക്കില്ല' എന്ന്. എന്നാൽ ഞാൻ അങ്ങനെയല്ല പറയുന്നത്. നിലവിൽ അതിന്റെ ആവശ്യമില്ലെന്നാണ് ഞാൻ പറയുന്നത്, എന്നാൽ അത്യാവശ്യമാണെങ്കിൽ അത് വേണ്ടിവരും".'ശനിയാഴ്ച ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ന്യൂയോർക്ക് പോസ്റ്റിന് നൽകിയ ട്രംപ് പറഞ്ഞിരുന്നു.
ഇറാന്റെ മിസൈലുകളും നാവിക, ആണവ പദ്ധതികൾ നശിപ്പിക്കുക, മേഖലയിലുടനീളമുള്ള സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കു തുടങ്ങിയവയാണ് ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളായി ആദ്യം പറഞ്ഞിരുന്നത്. ശനിയാഴ്ച മുതലുള്ള ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊലപ്പെടുത്തി. ഇതുവരെ 555 പേരും കൊല്ലപ്പെട്ടെന്നാണ് വിവരം. മരണനിരക്ക് ഇനിയും വർധിക്കും.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചാണ് ഇറാൻ ആക്രമണത്തിന് മറുപടി നൽകുന്നത്. ഹോർമുസ് കടലിടുക്കും ഇറാൻ അടച്ചു. ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസും പ്രതിസന്ധിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.