വാഷിങ്ടൺ: യു.എസിൽ അഞ്ചിടങ്ങളിലുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. യു.എസിലെ അയോവയിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ 16, 18 വയസ്സുള്ള രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയോവയിലെ ഡെസ് മോയ്‌നസിലെ സ്കൂളിൽ തിങ്കളാഴ്ച ബദൽ വിദ്യാഭ്യാസ പരിപാടിക്കിടെയാണ് വെടിവെപ്പ്. വിദ്യാഭ്യാസ പരിപാടിയുടെ സംഘാടകനാണ് പരിക്കേറ്റത്.
അതേസമയം, തിങ്കളാഴ്ച കാലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ ഒരു കൂൺ ഫാമിലും ട്രക്കിങ് സ്ഥാപനത്തിലും വെടിവെപ്പിൽ ഏഴുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. സാൻഫ്രാൻസിസ്കോയിൽനിന്ന് 48 കി.മീ. തെക്കുള്ള ഹാഫ് മൂൺ ബേ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫാമിൽ നാലുപേരും തൊട്ടുപിന്നാലെ എട്ട് കി.മീ. അകലെയുള്ള ട്രക്കിങ് സ്ഥാപനത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടതായി സാൻമാറ്റിയോ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്‌സ് പ്രസിഡന്റ് ഡേവ് പൈൻ പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് ചുൻലി ഷാവോയെ (67) പൊലീസ് അറസ്റ്റ് ചെയ്തതായി പൈൻ പറഞ്ഞു. എന്നാൽ, വെടിവെപ്പിനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ഇതിന് മണിക്കൂറുകൾക്കുശേഷം തിങ്കളാഴ്ച രാത്രി ഓക്‌ലൻഡ് ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഹാഫ് മൂൺ ബേ ഓക്‍ലൻഡിൽനിന്ന് 38 കി.മീ. തെക്കുപടിഞ്ഞാറും സാൻഫ്രാൻസിസ്കോയിൽനിന്ന് ഏകദേശം 48 കി.മീ. തെക്കുമാണ്. 12,000 പേർ താമസിക്കുന്ന ചെറിയ തീരദേശ കാർഷിക നഗരമാണ് ഹാഫ് മൂൺ ബേ. ഈ നഗരവും ചുറ്റുമുള്ള സാൻമാറ്റിയോ കൗണ്ടി പ്രദേശവും പൂക്കളും പച്ചക്കറികളും ഉൽപാദിപ്പിക്കുന്നതിനും പേരുകേട്ടതാണ്.
അതിനിടെ, തിങ്കളാഴ്ച ഉച്ചക്ക് ഷികാഗോയിലെ അപ്പാർട്മെന്റിൽ വീടിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് പ്രതികൾ ഓടിക്കളഞ്ഞതായും പിടിയിലായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി കാലിഫോർണിയയിലെ മൊണ്ടേറി പാർക്കിലെ ഡാൻസ് ക്ലബിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് 10 പേരും ഒരാൾ ആശുപത്രിയിൽ ചികിത്സക്കിടെയുമാണ് മരിച്ചത്. തോക്കുമായി ഡാൻസ് ക്ലബിൽ കയറി 20 പേരെ വെടിവെച്ചുവീഴ്ത്തി വാനിൽ കടന്നുകളഞ്ഞ ഹ്യു കാൻട്രാൻ (72) പിന്നീട് സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര പുതുത്സര ആഘോഷത്തിനിടെയായിരുന്നു വെടിവെപ്പ്.
അതിനിടെ തിങ്കളാഴ്ച ഒരുകൂട്ടം സെനറ്റർമാർ മാരകായുധ നിരോധനവും മാരകായുധങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കുന്ന നിയമവും വീണ്ടും അവതരിപ്പിച്ചു. കാലിഫോർണിയയിൽ നടന്ന രണ്ട് കൂട്ടവെടിവെപ്പുകളുടെ പശ്ചാത്തലത്തിൽ മാരകായുധങ്ങൾ നിരോധിക്കാൻ നടപടിയെടുക്കാനും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച യു.എസ് കോൺഗ്രസിനോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.