ബീജിങ്: അമേരിക്ക ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പ്രതിരോധ-ഖനന മേഖലകളിൽ പ്രവർത്തിക്കുന്ന 10 അമേരിക്കൻ കമ്പനികൾക്ക് ചൈന കയറ്റുമതി വിലക്ക് ഏർപ്പെടുത്തി. കൂടാതെ 46 യു.എസ് സ്ഥാപനങ്ങളിൽ നിന്നുള്ള സർക്കാർ സംഭരണങ്ങളും ചൈന പൂർണ്ണമായി വിലക്കിയിട്ടുണ്ട്.
ഈ മാസം അമേരിക്ക 80 ചൈനീസ് കമ്പനികളെയും അവരുടെ അനുബന്ധ സ്ഥാപനങ്ങളെയും "ചൈനീസ് സൈന്യത്തെ സഹായിക്കുന്ന സ്ഥാപനങ്ങൾ" എന്നാരോപിച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ അലിബാബ, ബൈഡു,ബിയുഡി തുടങ്ങിയ പ്രമുഖ കമ്പനികളും ഉൾപ്പെട്ടിരുന്നു.
ചൈനയുടെ സാങ്കേതിക മുന്നേറ്റത്തെ "ദേശീയ സുരക്ഷയുടെ" പേരുപറഞ്ഞ് തകർക്കാനുള്ള യു.എസിന്റെ ശ്രമമാണിതെന്ന് ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതികാര നടപടിയുണ്ടാകുമെന്നും ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, അമേരിക്കയുടെ ഈ നടപടിക്കുള്ള മറുപടിയായും ദേശീയ സുരക്ഷ സംരക്ഷിക്കാനുമായാണ് പുതിയ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നു.
അമേരിക്കൻ സൈന്യത്തിന് എയ്റോസ്പേസ് പ്രതിരോധ കരാറുകൾ നിർവഹിക്കുന്ന അവെഓക്സ്, സൈനിക വാഹനങ്ങൾ നിർമ്മിക്കുന്ന ഓഷ്കോഷ് ഡിഫൻസ്, അപൂർവ ഭൂലോഹ ഉൽപാദകരായ എംപി മെറ്റീരിയൽസ്, യു.എസ്.എ. റെയർ എർത്ത് എന്നിവ വിലക്ക് നേരിട്ട സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.
ഈ കമ്പനികൾക്ക് ചൈനയിൽ നിന്നുള്ള ഇരട്ട ഉപയോഗ (Dual-use) സാധനങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. കയറ്റുമതി പ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കണമെന്നും ചൈന നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇത്തരം ഉൽപ്പന്നങ്ങൾ മറ്റേതെങ്കിലും രാജ്യങ്ങളിലൂടെയോ സ്ഥാപനങ്ങളിലൂടെയോ ഈ കമ്പനികൾക്ക് എത്തിക്കുന്നതിനും വിലക്കുണ്ട്.
അതേസമയം, ചൈനയുടെ ധനമന്ത്രാലയം 46 അമേരിക്കൻ കമ്പനികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ സർക്കാർ വാങ്ങൽ പദ്ധതികളിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.ലോക്ക്ഹീഡ് മാർട്ടിൻ, റേതിയോൺ, ബോയിംഗ് പ്രതിരോധ വിഭാഗം, ജനറൽ ഡൈനാമിക്സ്, അൻഡൂറിൽ ഇൻഡസ്ട്രീസ് എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ പ്രതിരോധ കമ്പനികളാണ് ഈ പട്ടികയിലുള്ളത്.
എന്നാൽ അമേരിക്കൻ നിക്ഷേപമുള്ളതും ചൈനയിൽ പ്രവർത്തിക്കുന്നതുമായ കമ്പനികൾക്ക് ഈ വിലക്കിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ നടപടികൾ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തായ്‌വാനിലേക്ക് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് 2024-ലും 2025-ലും ഈ കമ്പനികളിൽ പലതിനുമെതിരെ ചൈന നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നിർദ്ദേശിച്ച 14 ബില്യൺ ഡോളറിന്റെ തായ്‌വാൻ ആയുധ സഹായ പാക്കേജ് ഇപ്പോൾ അവലോകനത്തിലാണെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബീജിങ് സന്ദർശിച്ച് ചൈനീസ് പ്രസിഡന്റുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടത്തിയിരുന്നു.
മേയിൽ ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അമേരിക്ക-ചൈന ബന്ധം മെച്ചപ്പെടുത്താൻ ട്രംപ് പൊതുവേദികളിൽ ശ്രമം തുടരുകയാണ്. കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയിൽ, അമേരിക്ക-ഇറാൻ സംഘർഷത്തിൽ ചൈന "നിഷ്പക്ഷ നിലപാട്" സ്വീകരിച്ചതിന് ട്രംപ് ഷി ജിൻപിങിന് നന്ദി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.