'മുമ്പ് അങ്ങനെ തോന്നി, ഇപ്പോ അങ്ങനെ തോന്നുന്നില്ല'; മുൻ നിലപാട് തിരുത്തി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ 'ആന്ത്രോപിക്' രാജ്യത്തിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന തന്റെ മുൻ നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'കഴിഞ്ഞ ആഴ്ചകളിൽ കമ്പനിയെ താൻ ഒരു സുരക്ഷാ ഭീഷണിയായി കണ്ടിട്ടുണ്ടാകാമെന്നും എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ആശങ്കയില്ലെന്നും 'ദി Axios ഷോ'ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയതും അത്യാധുനികവുമായ 'ഫേബിൾ 5', 'മൈത്തോസ് 5' എന്നീ എ.ഐ മോഡലുകൾ വിദേശ പൗരന്മാർക്ക് ലഭ്യമാക്കുന്നത് തടയണമെന്ന് ട്രംപ് ഭരണകൂടം കമ്പനിക്ക് നിർദേശം നൽകിയിരുന്നു. സാങ്കേതികവിദ്യ വിദേശ രാജ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു ഈ നീക്കം. ട്രംപിന്റെ ഉത്തരവ് വന്നതിന് പിന്നാലെ കമ്പനി ഈ മോഡലുകളുടെ ആക്സസ് താത്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

ആന്ത്രോപിക് കമ്പനിയോ അതിന്റെ സി.ഇ.ഒ ഡാരിയോ അമോഡിയോ അമേരിക്കക്ക് ഭീഷണിയാണോ എന്ന ചോദ്യത്തിന്, 'ഇപ്പോഴല്ല, എന്നാൽ, ഒരു ആഴ്ച മുമ്പ് ഒരുപക്ഷേ അങ്ങനെയായിരുന്നു,' എന്നായിരുന്നു ട്രംപിന്റെ മറുപടി. കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട തങ്ങളുടെ നിർദേശത്തോട് ഡാരിയോ അമോഡി വളരെ വേഗത്തിലും ഉത്തരവാദിത്തത്തോടെയുമാണ് പ്രതികരിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയിൽ വെച്ച് ഡോണൾഡ് ട്രംപും മറ്റ് ലോകനേതാക്കളും ഡാരിയോ അമോഡി ഉൾപ്പെടെയുള്ള പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആവശ്യമെങ്കിൽ കമ്പനിക്കെതിരെ 'ഡിഫൻസ് പ്രൊഡക്ഷൻ ആക്ട്' പ്രകാരമുള്ള അടിയന്തര അധികാരം ഉപയോഗിക്കാനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. 'എനിക്ക് ഒരുപാട് അധികാരങ്ങൾ ഉപയോഗിക്കാൻ കഴിയും, എന്നാൽ, അതിന്റെയൊന്നും ആവശ്യം വരുമെന്ന് എനിക്ക് തോന്നുന്നില്ല,' ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.

യു.എസ് ഭരണകൂടവുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ കമ്പനിയുടെ ഉന്നത സാങ്കേതിക വിദഗ്ദ്ധർ ഈ ആഴ്ച ആദ്യം ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ട്രംപിന്റെ അഭിമുഖത്തോട് പ്രതികരിച്ച ആന്ത്രോപിക് വക്താവ്, വിഷയം വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന ഭരണകൂടത്തിന്റെ പങ്കാളിത്തത്തിന് നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ നിർണായക ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കുന്നതിനും എ.ഐ രംഗത്ത് അമേരിക്കയുടെ നേതൃത്വം ഉറപ്പാക്കുന്നതിനും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - 'It seemed that way before, it doesn't seem that way now'; Donald Trump changes his previous stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.