വാഷിങ്ടൺ: വിദേശ രാജ്യങ്ങളിലെ നിരവധി വികസന, സന്നദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന യു.എസ് ഏജൻസി പൂട്ടി. തിങ്കളാഴ്ച വാഷിങ്ടണിലെ ഏജൻസിയുടെ ആസ്ഥാനത്തുള്ള ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും മഞ്ഞ പൊലീസ് ടേപ് കൊണ്ട് ലോബിയിലേക്കുള്ള പ്രവേശനം തടയുകയുമായിരുന്നു. ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി സർക്കാർ കാര്യക്ഷമത വകുപ്പിന്റെ തലവനായ ഇലോൺ മസ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി.
600ലേറെ തൊഴിലാളികളെ ഏജൻസിയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽനിന്ന് നീക്കിയതായി ജീവനക്കാർ പറഞ്ഞു. അവശേഷിക്കുന്ന ജീവനക്കാർക്ക് ഏജൻസി പൂട്ടുകയാണെന്ന് ഇ-മെയിൽ അയച്ചിട്ടുണ്ട്. ശനിയാഴ്ച ഏജൻസിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഏജൻസിയുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും നിരവധി പദ്ധതികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളിലെ വിവിധ സന്നദ്ധ പദ്ധതികൾക്ക് ഏറ്റവും സാമ്പത്തിക സഹായം നൽകുന്ന രാജ്യം യു.എസാണ്. സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതിനെതിരെ യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.