വാഷിങ്ടൺ: ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി ഗസ്സ സന്ദർശിക്കും. സ്റ്റീവ് വിറ്റ്കോഫാണ് ഇസ്രായേൽ സന്ദർശനത്തിനൊപ്പം ഗസ്സയിലെത്തുക. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗസ്സയിലെ നെറ്റ്സരിസം ഇടനാഴിയും ഫിലാഡൽഫി ഇടനാഴിയുമാണ് സന്ദർശിക്കുക. നിരീക്ഷണ സംഘത്തിന്റെ ഭാഗമായാണ് വിറ്റ്കോഫ് ഗസ്സയിലെത്തുന്നത്. ഗസ്സയെ പുറത്തുനിന്ന് നോക്കിക്കാണുകയും ജനങ്ങൾ സുരക്ഷിതരാണെന്നും ആയുധധാരികൾ പ്രദേശത്തെത്തുന്നില്ലെന്നും ഉറപ്പാക്കുകയാണ് സന്ദർശന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നടപ്പായാൽ മാത്രമേ അടുത്ത ഘട്ടത്തിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ കഴിയൂ. ഒന്നാം ഘട്ടം പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ട്രംപ് തനിക്ക് നിർദേശം നൽകിയത്. ഈ ലക്ഷ്യത്തിന് വേണ്ടിയാണ് അമേരിക്കൻ ഭരണകൂടവും ശ്രമിക്കുന്നതെന്ന് വിറ്റ്കോഫ് കൂട്ടിച്ചേർത്തു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകളിൽ ട്രംപിനെ പ്രതിനിധാനംചെയ്ത് വിറ്റ്കോഫ് പങ്കെടുത്തിരുന്നു. ജനുവരി 15ന് വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം ആദ്യമായാണ് അദ്ദേഹം ഗസ്സയിലെത്തുന്നത്. വടക്ക്, തെക്ക് ഗസ്സയെ വേർതിരിക്കുന്ന മേഖലയാണ് നെറ്റ്സരിം ഇടനാഴി. 2023 ഒക്ടോബറിലാണ് ഈ പ്രദേശം ഇസ്രായേൽ പിടിച്ചെടുത്തത്. ഈജിപ്തിനും തെക്കൻ ഗസ്സക്കുമിടയിലെ ഫിലാഡൽഫി ഇടനാഴി കഴിഞ്ഞ മേയ് മുതൽ അധിനിവേശ സേനയുടെ നിയന്ത്രണത്തിലാണ്.
അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ആക്രമണം തുടർന്ന ഇസ്രായേൽ രണ്ട് ഫലസ്തീനികളെ കൂടി കൊലപ്പെടുത്തി. മുഹമ്മദ് നസലും കതിബ അൽ-ഷലാബിയുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സേന അറിയിച്ചു. മൂന്ന് ഇസ്രായേലികൾ വെടിയേറ്റു മരിച്ച സംഭവത്തിലെ പ്രതികളാണ് ഇവരെന്നും സേന ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.