ന്യൂയോർക്ക്: പാരസെറ്റാമോൾ ഓട്ടിസത്തിന് കാരണമാവുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ പ്രസ്താവനയുമായി നിർമാതാക്കൾ. യു.എസിൽ ടൈലനോൾ എന്ന പ്രചാരത്തിലുള്ള പാരസെറ്റാമോൾ അധിഷ്ഠിത വേദന സംഹാരി ഓട്ടിസത്തിന് കാരണമാവുന്നുവെന്നായിരുന്നു ട്രംപിൻറെ പരാമർശം. എന്നാൽ, ട്രംപിന്റെ പരാമർശത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് നിർമാതാക്കളായ കെൻവ്യൂ, ജോൺസൻ ആൻറ് ജോൺസൺ എന്നിവർ വ്യക്തമാക്കി.
കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ഇത് സംബന്ധിച്ച് പ്രസ്താവന പ്രദർശിപ്പിക്കുന്നുണ്ട്. ‘ അസറ്റോമിനോഫെനും(ടൈലനോൾ, പാരസെറ്റാമോൾ) ഓട്ടിസവുമായി ബന്ധപ്പെടുത്തുന്ന രീതിയിൽ വിശ്വസനീയവും സ്വതന്ത്രവുമായ ശാസ്ത്ര പഠനങ്ങൾ അനുസരിച്ച് തെളിവുകളൊന്നുമില്ല. ഇത് വിവിധ ആരോഗ്യ സംഘടനകൾ അംഗീകരിച്ചതാണ്. നിങ്ങൾ കുഞ്ഞുങ്ങളെ അസറ്റാമിനോഫെൻ നൽകി ചികിത്സിക്കുന്നവരാണെങ്കിൽ അത് ഓട്ടിസത്തിന് കാരണമാവുമെന്ന ആരോപണത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്ന് മനസിലാക്കണം. ഒരുപതിറ്റാണ്ടിലധികം പ്രഗത്ഭരായ വൈദ്യശാസ്ത്ര വിദഗ്ദരുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ ഗവേഷണ നിരീക്ഷണങ്ങൾക്കൊടുവിലും അസറ്റാമിനോഫെനെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നുമില്ല,’ -കമ്പനികൾ വെബ്സൈററിലെ അറിയിപ്പിൽ പറയുന്നു.
‘അസറ്റാമിനോഫെൻ’ അല്ലെങ്കിൽ ‘പാരസെറ്റമോൾ’ എന്നറിയപ്പെടുന്ന വേദനസംഹാരി കഴിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുടെ നിർദേശം തേടണമെന്നും കമ്പനികൾ നിർദേശിക്കുന്നു. മരുന്നുകളുടെ ലേബലിൽ നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
‘ഞങ്ങൾ ശാസ്ത്രത്തോടൊപ്പമുണ്ട്, നിങ്ങളോടൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. വേദന ശമിപ്പിക്കുന്നതിനും പനി കുറക്കുന്നതിനുമുള്ള ആദ്യ പ്രതിരോധ മാർഗമായി അസറ്റാമിനോഫെൻ ലോകമെമ്പാടും ഉപയോഗിക്കുന്നു. എങ്കിലും സ്വതന്ത്ര പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെയും പ്രമുഖ ആരോഗ്യ വിദഗ്ദരുടെയും ശിപാർശ അനുസരിച്ച്, മരുന്ന് പാക്കറ്റിലെ ലേബലിന് അനുസൃതമായി ഉപയോഗിക്കേണ്ടതുണ്ട്. ഗർഭിണികളിൽ പ്രത്യേകിച്ച് ആദ്യമൂന്ന് മാസങ്ങളിൽ അശാസ്ത്രീവും വിദഗ്ദരുടെ നിർദേശമില്ലാതെയുമുള്ള ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കമ്പനികൾ വ്യക്തമാക്കുന്നു.
ഓട്ടിസവുമായി തെളിയിക്കപ്പെടാത്ത ബന്ധമുള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ ടൈലനോൾ കഴിക്കരുതെന്ന് ട്രംപ് തിങ്കളാഴ്ച അഭ്യർത്ഥിച്ചിരുന്നു. യു.എസിലെ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളിൽ ഒന്നായി ആരോഗ്യ വിദഗ്ദർ പരാമർശിക്കുന്ന മരുന്നാണ് ടെലിനോൾ.
‘ ടൈലനോൾ കഴിക്കുന്നത് നല്ലതല്ല. വൈദ്യശാസ്ത്രപരമായി അത്യാവശ്യമായി വരാത്ത പക്ഷം ഗർഭകാലത്ത് സ്ത്രീകൾ ടൈലനോൾ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് അവർ ശക്തമായി ശുപാർശ ചെയ്യുന്നു. ഉദാഹരണത്തിന്, ശക്തമായ പനി ബാധിച്ച് നിങ്ങൾക്ക് അത് അസഹനീയമായ സന്ദർഭത്തിൽ,’- ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.