അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷം; ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയം പുറത്തിറക്കാനുള്ള നീക്കം വിവാദങ്ങളിലേക്ക്

വാഷിങ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയം പുറത്തിറക്കാനുള്ള നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. 24 കാരറ്റ് സ്വർണത്തിൽ നിർമിക്കുന്ന ഈ നാണയത്തിൽ ട്രംപ് തന്റെ ഔദ്യോഗിക ഇരിപ്പിടമായ റെസല്യൂട്ട് ഡെസ്കിൽ കൈകൾ മുറുക്കിപ്പിടിച്ച് ചാരിനിൽക്കുന്ന ചിത്രമാണുള്ളത്.

അമേരിക്കൻ ചരിത്രത്തിൽ ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റ് നാണയത്തിൽ ഇടംപിടിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനുമുമ്പ് 1926ൽ (150-ാം വാർഷികം) കാൽവിൻ കൂളിഡ്ജിന്റെ ചിത്രം ഇത്തരത്തിൽ നാണയത്തിൽ ഉൾപ്പെടുത്തിയിരുന്നു. യു.എസ് കമീഷൻ ഓൺ ഫൈൻ ആർട്‌സ് മാർച്ച് 19ന് ഈ നാണയത്തിന്റെ ഡിസൈനിന് അംഗീകാരം നൽകി. അമേരിക്കൻ ഫെഡറൽ നിയമപ്രകാരം, ജീവനോടിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം കറൻസിയിൽ ഉപയോഗിക്കാൻ പാടില്ല.

‘ഈ സ്വർണനാണയം സാധാരണ വിനിമയത്തിലുള്ള കറൻസിയല്ല, മറിച്ച് ഒരു പ്രത്യേക സ്മരണികയാണ്. ഇത്തരം നാണയങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ട്രഷറി സെക്രട്ടറിക്ക് അധികാരമുണ്ട്’ എന്നാണ് ഈ നീക്കത്തെ കുറിച്ച് യു.എസ് ട്രഷറർ ബ്രാൻഡൻ ബീച്ച് ന്യായീകരിച്ചത്. ഡെമോക്രാറ്റുകൾ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്.

ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കളല്ല, മറിച്ച് രാജാക്കന്മാരും ഏകാധിപതികളുമാണ് നാണയങ്ങളിൽ സ്വന്തം മുഖം പതിപ്പിക്കാറുള്ളതെന്ന് സെനറ്റർ ജെഫ് മെർക്ക്ലി പരിഹസിച്ചു. ഇതിനോടൊപ്പം തന്നെ കെന്നഡി സെന്ററിന്റെ പേര് 'ട്രംപ്-കെന്നഡി സെന്റർ' എന്നാക്കി മാറ്റിയതും, വൈറ്റ് ഹൗസിൽ പുതിയ ബാൾറൂം പണിയാനുള്ള ട്രംപിന്റെ നീക്കങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് യു.എസ് മിന്റ് നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഡൈം, ക്വാർട്ടർ, ഹാഫ് ഡോളർ നാണയങ്ങളിൽ ഒരു വർഷത്തേക്ക് പ്രത്യേക മാറ്റങ്ങൾ വരുത്തും. നാണയങ്ങളിൽ ‘1776-2026’ എന്ന ഇരട്ട തിയതികൾ രേഖപ്പെടുത്തും. ലിബർട്ടി ബെൽ അടയാളം ഉൾപ്പെടുത്തിയ പുതിയ കളക്ടേഴ്സ് എഡിഷനുകൾ പുറത്തിറക്കും.

Tags:    
News Summary - Trump to appear on gold coin to celebrate 250 years of US Independence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.