വാഷിങ്ടൺ: ക്രിസ്ത്യാനികളെ കൊല്ലാൻ അനുവദിക്കുന്നുവെന്നാരോപിച്ച് നൈജീരിയക്കെതിരെ സൈനിക നടപടി ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നുവെന്നും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയാറാണെന്നും കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സൈനിക നടപടി ഭീഷണി ഉയർത്തിയിരിക്കുന്നത്. നൈജീരിയയിൽ സൈനിക നടപടി ആസൂത്രണം ചെയ്യാൻ പെന്റഗണിനോട് ഉത്തരവിട്ടതായി ട്രംപ് പറഞ്ഞു. സ്ഥിതിഗതികൾ ഇങ്ങനെ തുടരുകയാണെങ്കിൽ നൈജീരിയക്കുള്ള എല്ലാ സഹായങ്ങളും അമേരിക്ക ഉടൻ നിർത്തുമെന്ന് ‘ട്രൂത്ത് സോഷ്യലി’ലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.
നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നും അനുവദിച്ചാൽ നൈജീരിയക്കുള്ള എല്ലാ സഹായവും അമേരിക്ക ഉടനടി നിർത്തലാക്കും. ഈ ഭയാനകമായ ക്രൂരത ചെയ്യുന്ന ഇസ്ലാമിക തീവ്രവാദികളെ പൂർണമായും തുടച്ചുനീക്കും. സാധ്യമായ നടപടികൾക്ക് തയാറെടുക്കാൻ യുദ്ധവകുപ്പിനോട് നിർദേശിക്കുന്നു. നമ്മൾ ആക്രമിച്ചാൽ അത് ക്രൂരമായിരിക്കും.
നൈജീരിയൻ സർക്കാർ വേഗം നടപടി സ്വീകരിക്കുന്നതാണ് നല്ലത് -ട്രംപ് പറഞ്ഞു.
നൈജീരിയയെ മതപരമായ അസഹിഷ്ണുതയുള്ള രാജ്യമായി ചിത്രീകരിക്കുന്നത് യാഥാർഥ്യമല്ലെന്ന് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.