ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വീണ്ടും വെടിവെപ്പ്; ആളുകൾ ചിതറിയോടി, ഒരാൾക്ക് പരിക്ക്

ന്യൂയോർക്ക്: ടൈംസ് സ്‌ക്വയറിൽ വീണ്ടും വെടിവെപ്പ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ടൈംസ് സ്‌ക്വയറിൽ നടന്ന വെടിവെപ്പ് വിനോദസഞ്ചാരികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ടൈംസ് സ്‌ക്വയറിൽ വെച്ച് നടന്ന സംഭവം വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തുന്നത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 3:40ഓടെയാണ് വെസ്റ്റ് 44-ാം സ്ട്രീറ്റിനും 45-ാം സ്ട്രീറ്റിനും ഇടയിലുള്ള ബ്രോഡ്‌വേക്ക് സമീപം വെടിവെപ്പുണ്ടായത്. എൻ.ബി.എ ചാമ്പ്യന്മാരായ ന്യൂയോർക്ക് നിക്ക്സിന്റെ പരേഡ് നടന്നതിന് തൊട്ടുപിന്നാലെയാണ് ഈ അക്രമം അരങ്ങേറിയത്. നിക്ക്സിന്റെ ചരിത്രപരമായ വിജയത്തെത്തുടർന്ന് നഗരത്തിൽ വലിയ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. 10,000 പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിരുന്നെങ്കിലും വെടിവെപ്പ് തടയാനായില്ല.

ഒരു സംഘം ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. തർക്കത്തിനിടെ 26 വയസ്സുള്ള യുവാവിന്റെ കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റു. തൊട്ടുപിന്നാലെ, 17 വയസ്സുള്ള കൗമാരക്കാരൻ ഇതേ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന എൻ.വൈ.പി.ഡി വാഹനത്തിന് സമീപത്തുവെച്ച് രണ്ടുപേർ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്. വെടിയൊച്ച കേട്ടതോടെ വിനോദസഞ്ചാരികളും നാട്ടുകാരും സുരക്ഷിത സ്ഥാനത്തേക്ക് ഓടി മാറുന്നതും ദൃശ്യങ്ങളിൽ കാണാം.

വെടിവെപ്പിന് പിന്നാലെ പൊലീസ് അക്രമികളെ പിന്തുടർന്ന് പിടികൂടി. കൗമാരക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടൈംസ് സ്‌ക്വയറിൽ ഉണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ജൂൺ 16നും സമാനമായ രീതിയിൽ 42-ാം സ്ട്രീറ്റിലും ബ്രോഡ്‌വേയിലും വെടിവെപ്പുണ്ടായിരുന്നു. അന്ന് 17 വയസ്സുള്ള യുവാവിന് പരിക്കേൽക്കുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമസംഭവങ്ങൾ ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    
News Summary - Tourists Flee As Gunfire Breaks Out In New York's Times Square

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.