യു.എസ്-ഇറാൻ സമാധാന ചർച്ച മുടങ്ങി; കൂടിക്കാഴ്ച നടക്കില്ലെന്ന് സ്ഥിരീകരിച്ച് സ്വിറ്റ്‌സർലൻഡ്

ബർഗൻസ്റ്റോക്ക്: ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെള്ളിയാഴ്ച നടക്കാനിരുന്ന നിർണായക സമാധാന ചർച്ചകൾ റദ്ദാക്കിയതായി സ്വിസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്കാണ് ഈ പിന്മാറ്റം തിരിച്ചടിയായത്.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇറാനിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയതായി വൈറ്റ് ഹൗസ് വക്താവ് ഇന്നലെ രാത്രി അറിയിച്ചിരുന്നു. വരാനിരിക്കുന്ന സാങ്കേതിക ചർച്ചകൾക്കുള്ള പദ്ധതികൾ അന്തിമമാക്കിയിട്ടില്ല എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കരാർ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു വാൻസിന്റെ സന്ദർശനം.

എന്നാൽ അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പിന്മാറ്റം സമാധാന ചർച്ചകളെ സംബന്ധിച്ച അനിശ്ചിതത്വം വർധിപ്പിച്ചിരിക്കുകയാണ്. ചർച്ചകളിൽ നിന്ന് പിന്മാറാനുണ്ടായ കൃത്യമായ കാരണത്തെക്കുറിച്ച് വൈറ്റ് ഹൗസോ സ്വിസ് അധികൃതരോ ഇതുവരെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച ഒപ്പിട്ട 14 ഇന കരാർ വഴി വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതിനുശേഷം സാങ്കേതിക ചർച്ചകൾ തുടങ്ങാൻ തയാറാണെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും വാൻസിന്റെ പിന്മാറ്റത്തിന് പിന്നാലെ ഇക്കാര്യത്തിൽ അവരിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പിട്ടെങ്കിലും ഇസ്രായേൽ ഇപ്പോഴും ലബനാനിൽ ഹിസ്ബുല്ലക്കെതിരായ ആക്രമണം തുടരുന്നത് സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ സൈനിക നടപടികളിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ല. ഇതിനിടെ ഇറാൻ യു.എസ് ധാരണാപത്രത്തെ വിമർശിച്ച ഇസ്രായേലിനെതിരെ ജെ.ഡി വാൻസ് പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഈ വിഷയത്തിൽ അമേരിക്കയും ഇസ്രായേലും തമ്മിൽ നയപരമായ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ ചർച്ചകൾ പെട്ടെന്നുണ്ടായ മാറ്റത്തോടെ താൽക്കാലികമായി സ്തംഭിച്ചിരിക്കുകയാണ്. വിഷയത്തിൽ വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Switzerland says US-Iran talks planned for Friday are off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.