‘ലോകം നിയന്ത്രിക്കാൻ അന്താരാഷ്ട്ര നിയമത്തിന്റെ ആവശ്യമില്ല, എന്റെ ധാർമികത മാത്രം മതി’ - ട്രംപ്

വാഷിങ്ടൺ: സൈനിക ശക്തി ഉപയോഗിക്കുന്നതിനും അധിനിവേശങ്ങൾ നടത്തുന്നതിനും തനിക്കുമേൽ അന്താരാഷ്ട്ര നിയമങ്ങളുടെ നിയന്ത്രണങ്ങളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ന്യൂയോർക്ക് ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് തന്റെ അധികാരം സ്വന്തം ‘ധാർമികതയിൽ’ അധിഷ്ഠിതമാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

വെനിസ്വേലൻ പ്രസിഡന്റ് നി​ക്കോളാസ് മദുറോയെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ ലോകത്ത് നടക്കുന്ന ​​പ്രതിഷേധത്തെ നിയന്ത്രിക്കാൻ തന്റെ ധാർമികതക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞാണ് ട്രംപ് അന്താരാഷ്ട്ര നിയമങ്ങളെ തള്ളിക്കളഞ്ഞത്. ലോകരാഷ്ട്രങ്ങളെ സൈനികമായി നേരിടുന്നതിനും സമ്മർദത്തിലാക്കുന്നതിനും തടസ്സമായി നിൽക്കുന്ന അന്താരാഷ്ട്ര നിയമങ്ങളെയും മറ്റ് പരിശോധനകളെയും ഇത്തരത്തിൽ ട്രംപ് തള്ളിക്കളഞ്ഞു.

ആഗോളതലത്തിൽ തന്റെ അധികാരത്തിന് പരിധികളുണ്ടോ എന്ന ചോദ്യത്തിന് തന്റെ ധാർമികതയും മനസ്സുമാണ് തന്നെ തടയാൻ പ്രേരിപ്പിക്കുന്ന ഏക ഘടകമെന്നായിരുന്നു മറുപടി. ‘എനിക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ ആവശ്യമില്ല. ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും’ ട്രംപ് കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ തന്റെ ഭരണകൂടം ബാധ്യസ്ഥമാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന് മറുപടി നൽകിയെങ്കിലും ആ നിയമങ്ങൾ എപ്പോൾ, എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം തന്റേതായിരിക്കുമെന്ന് വ്യക്തമാക്കി. അത് അന്താരാഷ്ട്ര നിയമം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ട്രംപ് പറഞ്ഞു.

നിയമങ്ങൾക്കും ഉടമ്പടികൾക്കും പകരം രാഷ്ട്രത്തിന്റെ കരുത്താണ് ലോകശക്തികളുടെ മത്സരത്തിൽ നിർണ്ണായകമാകേണ്ടത് എന്ന നിലപാടാണ് ട്രംപി​ന്റേത്. അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കാൻ സൈനികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഏത് ആയുധവും പ്രയോഗിക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തെയും പ്രസ്താവന അടിവരയിട്ടു.

അതേസമയം, ആഭ്യന്തര തലത്തിൽ തനിക്ക് ചില നിയന്ത്രണങ്ങളുണ്ടെന്ന് ട്രംപ് സമ്മതിച്ചു. എങ്കിലും രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രതികാരം തീർക്കുന്നതിനും സംസ്ഥാന സർക്കാറുകളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് നഗരങ്ങളിൽ നാഷനൽ ഗാർഡിനെ വിന്യസിക്കുന്നതിനുമുള്ള തന്റെ തന്ത്രങ്ങളുമായി അദ്ദേഹം മുന്നോട്ട് പോവുകയാണ്

Tags:    
News Summary - Trump says he doesn’t need international law amid aggressive US policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.