വാഷിങ്ടൺ: ഗസ്സയിലെ സൈനിക നീക്കം ഇസ്രായേൽ പൂർത്തിയാക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റിന്റെ പരാമർശം. ഹമാസിന് സമാധാനത്തിൽ ഒരു താൽപര്യവുമില്ലെന്ന് ട്രംപ് പറഞ്ഞു.
ഹമാസിന് കരാറുണ്ടാക്കാൻ ഒരു താൽപര്യവുമില്ല. അവർക്ക് മരിക്കാനാണ് താൽപര്യം. ഇത് വളരെ മോശം കാര്യമാണ്. ഈയൊരു സാഹചര്യത്തിൽ ഇസ്രായേൽ ഗസ്സയിലെ ജോലി പൂർത്തിയാക്കണം. ഇപ്പോൾ നമ്മൾ അവസാന ബന്ദികളുടെ അടുത്തേക്ക് വന്നിരിക്കുന്നു. അവസാന ബന്ദികളെ കിട്ടിയാൽ എന്ത് സംഭവിക്കുമെന്ന് അവർക്കറിയാം ട്രംപ് പറഞ്ഞു. അടിസ്ഥാനപരമായി അത് കാരണം, അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഫലസ്തീനികളെ വളഞ്ഞുവെച്ച് പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേൽ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തമാകുയാണ്. വ്യാഴാഴ്ച രണ്ടുപേർ കൂടി പട്ടിണി കാരണം മരിച്ചതോടെ ആകെ പട്ടിണി മരണം 115 ആയി. പട്ടിണി കിടന്ന് എല്ലും തോലുമായ ഫലസ്തീനി കുട്ടികളുടെ ചിത്രങ്ങൾ നിരവധി പ്രമുഖർ പങ്കുവെച്ചു. ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ ഇസ്രായേലിന്റെ അനുമതി തേടി റഫ അതിർത്തിയിൽ ദിവസങ്ങളായി കാത്തുകെട്ടിക്കിടക്കുകയാണ്. 24 ലക്ഷത്തോളം ജനസംഖ്യയുള്ള ഗസ്സയിൽ കൂട്ട പട്ടിണി മരണം ഒഴിവാക്കാൻ ആഴ്ചയിൽ അഞ്ചുലക്ഷം ബാഗ് ധാന്യമെങ്കിലും എത്തേണ്ടതുണ്ട്.
ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള കരച്ചിൽ സഹിക്കാൻ കഴിയില്ലെന്ന് ദൈർ അൽ ബലാഹിൽനിന്ന് അൽ ജസീറ റിപ്പോർട്ടർ എഴുതി. തങ്ങൾ മുമ്പും പട്ടിണി കിടന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ഭീകരാവസ്ഥ ഉണ്ടായിട്ടില്ലെന്ന് ഫലസ്തീനികൾ പ്രതികരിച്ചു. 24 മണിക്കൂറിനിടെ 17 ഗസ്സക്കാർ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 59,219 ആയി. 1,43,045 പേർക്ക് പരിക്കേറ്റു.
അതിനിടെ കൊടുംക്രൂരതക്കെതിരെ ഒടുവിൽ ഇസ്രായേലിലെ ഡോക്ടർമാരുടെ സംഘടനയായ ഇസ്രായേൽ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. ആശുപത്രികൾ തകർക്കുന്നതും മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും നിഷേധിക്കുന്നതും ഭക്ഷണം തേടി എത്തുന്നവരെ വെടിവെച്ചുകൊല്ലുന്നതും മെഡിക്കൽ എത്തിക്സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.