വാഷിങ്ടൺ: ഇറാനെതിരായ തുടർച്ചയായ സൈനിക നീക്കങ്ങൾ നിർത്തിവെക്കാൻ കാരണം യു.എസിന്റെ മിസൈൽ ശേഖരം കുറഞ്ഞതിനാലാണെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ കൈവശം ആവശ്യത്തിലധികം ആയുധങ്ങളും വെടിമരുന്നുകളുമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
'ദി വാൾ സ്ട്രീറ്റ് ജേണലിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ലോകത്തിലെ മറ്റാരെക്കാളും കൂടുതൽ ആയുധങ്ങൾ യുഎസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ പേട്രിയറ്റ് മിസൈലുകൾ, ടോമഹോക്ക് ലാൻഡ്-അറ്റാക്ക് മിസൈലുകൾ, SM-3 ഇന്റർസെപ്റ്ററുകൾ എന്നിവ വൻതോതിൽ ഉപയോഗിക്കുന്നത് യു.എസിന്റെ മിസൈൽ ശേഖരത്തെ ബാധിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ, സി.എൻ.എൻ എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള സംഘർഷത്തിൽ പെന്റഗൺ ഇതുവരെ 1,200-ലധികം പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചുകഴിഞ്ഞു. ഇത് യു.എസിന്റെ മിസൈൽ ശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. ജോർഡൻ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് സൈനികരെയും താവളങ്ങളെയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും മറ്റ് വെടിമരുന്നുകളും അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ ആയുധ ക്ഷാമം സൈന്യത്തെ ബാധിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ പക്കൽ അത്യാധുനിക ആയുധങ്ങളുടെ വൻ ശേഖരമുണ്ടെന്ന് ട്രൂത്ത് സോഷ്യലിലെ കുറിപ്പിലും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം അമേരിക്ക ആക്രമണം കടുപ്പിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ പങ്കാളികൾക്ക് നേരെ ഇറാൻ വ്യാപക തിരിച്ചടി നൽകാൻ സാധ്യതയുണ്ടെന്നും ട്രംപ് ഭരണകൂടം ഭയപ്പെടുന്നു. ഇത്തരമൊരു ഘട്ടമുണ്ടായാൽ അത് ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ കൂടുതൽ തടസ്സപ്പെടുത്തുകയും ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.