‘യു.എസിൽ നെതന്യാഹു ഒരിക്കലും അറസ്റ്റ് ചെയ്യ​പ്പെടില്ല’- മംദാനിയുടെ ഭീഷണി തള്ളി ട്രംപ്

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ഭീഷണി തള്ളി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിൽ ആയിരിക്കുമ്പോൾ നെതന്യാഹു ഒരു കാരണവശാലും അറസ്റ്റ് ചെയ്യപ്പെടില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്. മംദാനിയെ നേരിട്ട് പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ യു.എസിനെ സഹായിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.

വരുന്ന സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ നെതന്യാഹു എത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് തന്റെ ഭരണകൂടം ആലോചിച്ചു വരികയാണെന്ന് മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.സി) വിചാരണ നേരിടേണ്ട ആളാണെന്ന് ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ മംദാനി പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് 2024ൽ ഐ.സി.സി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

താൻ നിയന്ത്രിക്കുന്ന പൊലീസ് വകുപ്പിന് ഒരു വിദേശ നേതാവിനെ തടങ്കലിൽ വെക്കാൻ നിയമപരമായി അധികാരമുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും, സിറ്റി ലോ ഡിപ്പാർട്ട്മെന്റുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടന്നു വരികയാണെന്നും മംദാനി കൂട്ടിച്ചേർത്തു. മേയർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഉത്തരവ് നൽകുമെന്ന് മംദാനി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ മംദാനിയുടെ പ്രസ്താവനകളെ ഇസ്രായേൽ തള്ളി. അന്താരാഷ്ട്ര കോടതിയെ ‘നിയമവിരുദ്ധ കോടതി’ എന്നും അതിന്റെ വാറണ്ടിനെ വ്യാജമെന്നും വിശേഷിപ്പിച്ച ഇസ്രായേൽ, സ്വന്തം പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മേയർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. മേയറുടെ നീക്കങ്ങളെ തള്ളിയ ബിന്യമിൻ നെതന്യാഹു, മംദാനി ഹമാസിനെ പിന്തുണക്കുകയാണെന്ന് ആരോപിച്ചു. മംദാനി ആരെയാണ് അപലപിക്കുന്നതെന്നും ആരെയാണ് പുകഴ്ത്തുന്നതെന്നും സ്വയം പരിശോധിക്കണമെന്ന് നെതന്യാഹു ഒരു റേഡിയോ അഭിമുഖത്തിൽ പ്രതികരിച്ചു. അമേരിക്കൻ മൂല്യങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്നുനിൽക്കുന്ന ഏക ജനാധിപത്യ രാജ്യമായ ഇസ്രായേലിനെയാണ് മേയർ കുറ്റപ്പെടുത്തുന്നതെന്നും നെതന്യാഹു പറഞ്ഞു.

ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളെ മംദാനി നിരന്തരം അപലപിക്കാറുണ്ട്. അതോടൊപ്പം തന്നെ 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗസ്സ വിഷയത്തിലെ യു.എസ് നയങ്ങളെ കടുത്ത ഭാഷയിലാണ് മേയർ വിമർശിച്ചത്. ഇതിലും പരാജയപ്പെട്ട ഒരു വിദേശനയം വേറെയില്ലെന്നും മംദാനി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ഐ.സി.സിയുടെ നടപടികൾക്കെതിരെ ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും മേൽ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് ഭരണകൂടം കോടതിയെ നിർവീര്യമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Trump rejects Mamdani threat to arrest Israel’s Netanyahu for war crimes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.