ഒറിഗൺ: യു.എസിൽ ഇല്ലാത്ത സംഘർഷം പറഞ്ഞ് ഓറിഗൺ സംസ്ഥാനത്തെ പോർട്ട്ലന്റ് പട്ടണത്തിൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അരുതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരും യു.എസ് കോൺഗ്രസ് അംഗങ്ങളും ആവശ്യപ്പെട്ടിട്ടും തള്ളിയാണ് പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് സൈന്യത്തെ അയക്കുന്നത്. യുദ്ധം തകർത്ത പോർട്ട്ലൻഡിന്റെയും കുടിയേറ്റ- കസ്റ്റംസ് വിഭാഗം ഓഫിസുകളുടെയും സംരക്ഷണത്തിനെന്ന പേരിലാണ് നടപടി.
ഒറിഗണിൽ ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസ്) സൗകര്യങ്ങൾ ഫാഷിസ്റ്റ് വിരുദ്ധരും ആഭ്യന്തര ഭീകരരും ഉപരോധിച്ചിരിക്കുകയാണെന്ന് ട്രംപ് എക്സിൽ കുറിച്ചു. ഉത്തരവിറക്കിയെങ്കിലും സൈനികർ എന്ന് എത്തുമെന്നതു സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
എന്നാൽ, ട്രംപിന്റെ ഇടപെടൽ അനാവശ്യമാണെന്നും സൈന്യത്തെ ആവശ്യമില്ലെന്നും ഒറിഗൺ ഗവർണർ ടിനാ കോടെക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ട്രംപിന്റെ നടപടി ഉചിതമല്ലെന്ന് മേയർ കീത്ത് വിൽസണും പറഞ്ഞു. പോർട്ട്ലാൻഡിൽ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ട്രംപിനെ അതിനനുവദിക്കരുതെന്ന് ഒറിഗണിലെ ജൂനിയർ സെനറ്റർ ജെഫ് മെർക്ക്ലി പറഞ്ഞു.
ഈ വർഷാദ്യം ലോസ് ആഞ്ചൽസ്, വാഷിങ്ടൺ ഡി.സി എന്നിവിടങ്ങളിലും ട്രംപ് സൈന്യത്തെ വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.