വാഷിംഗ്ടൺ: അനധികൃത ലഹരിമരുന്ന് ഉത്പാദനവും കടത്തും നടക്കുന്ന 23 രാജ്യങ്ങളുടെ പട്ടികയുമായി യു.എസ്. ഇന്ത്യയും പാക്കിസ്ഥാനും ചൈനയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള മയക്കുമരുന്നുകളുടെയും അനുബന്ധ രാസവസ്തുക്കളുടെയും ഉൽപാദനവും കടത്തും അമേരിക്കയുടെയും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച കോൺഗ്രസിന് സമർപ്പിച്ച പ്രസിഡൻഷ്യൽ ഡിറ്റർമിനേഷനിലാണ് ‘മേജേഴ്‌സ് ലിസ്റ്റ്’ എന്നറിയപ്പെടുന്ന പട്ടിക ഉൾപ്പെടുത്തിയത്. യു.എസിലേക്ക് എത്തുന്ന അനധികൃത ലഹരിയുടെ പ്രാഥമിക ഉറവിടങ്ങളോ കടത്തുമാർഗങ്ങളോ ആണ് ഈ രാജ്യങ്ങളെന്ന് ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ബഹാമാസ്, ബെലീസ്, ബൊളീവിയ, ബർമ്മ, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ഇന്ത്യ, ജമൈക്ക, ലാവോസ്, മെക്സിക്കോ, നിക്കരാഗ്വ, പാകിസ്ഥാൻ, പനാമ, പെറു, വെനിസ്വേല എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾ.
‘ലഹരിയുത്പാദനവും കടത്തുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ കാര്യക്ഷമമായി നടപടികൾ സ്വീകരിക്കുന്നുണ്ടായിരിക്കാം. എങ്കിലും, ഭൂമിശാസ്ത്രവും വാണിജ്യപരവും സാമ്പത്തികവുമായ ഘടകങ്ങൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇത് യു.എസുമായുള്ള സഹകരണത്തിന്റെ അഭാവമല്ല സൂചിപ്പിക്കുന്നത്’- വൈറ്റ് ഹൗസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുവർഷത്തിനിടെ ലഹരിവിരുദ്ധ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ അഞ്ച് രാജ്യങ്ങൾ സമ്പൂർണ പരാജയമാണെന്ന് യു.എസ് പട്ടിക പറയുന്നു. അഫ്ഗാനിസ്ഥാൻ, ബൊളീവിയ, ബർമ്മ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ ലഹരിക്കെതിരെ നടപടികൾ തൃപ്തികരമല്ലെന്നും പ്രകടമായ പരാജയമാണെന്നും പരാമർശമുണ്ട്.
അഫ്ഗാനിസ്ഥാൽ താലിബാൻ നടപ്പിലാക്കിയ മയക്കുമരുന്ന് നിരോധനത്തെയും ട്രംപ് തള്ളി. മെത്താംഫെറ്റാമൈൻ ഉൽപാദനവും സംഭരണവും നിർബാധം തുടരുകയാണെന്നും അന്താരാഷ്ട്ര വിപണികളിൽ നിന്ന് ഇത്തരത്തിൽ ലഭിക്കുന്ന പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തലുണ്ട്. ‘താലിബാനിലെ ചില അംഗങ്ങൾ ലഹരി വ്യാപാരത്തിൽ നിന്ന് ലാഭം നേടുന്നത് തുടരുന്നു, ലഹരിക്കടത്തും ഉത്പാദനവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടു’- ട്രംപ് പറഞ്ഞു.
കൊളംബിയയിൽ, പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഭരണകൂടം കൊക്കെയ്ൻ ഉൽപാദനത്തിന് നേതൃത്വം നൽകുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇത് വർഷങ്ങളായി യു.എസുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ശ്രമങ്ങളെ ദുർബലപ്പെടുത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. നിക്കോളാസ് മഡുറോയുടെ ‘ക്രിമിനൽ ഭരണകൂടത്തിന്’ കീഴിൽ വെനിസ്വേല കൊക്കെയ്ൻ കടത്തിന്റെ കേന്ദ്രമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെന്റനൈൽ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ‘ലോകത്തിലെ ഏറ്റവും വലിയ ഉറവിടം’ ചൈനയാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഈ രാസവസ്തുക്കളുടെ കയറ്റുമതി തടയുന്നതിൽ ബീജിംഗ് പരാജയപ്പെട്ടത് മെക്സിക്കോയിലൂടെയും യു.എസിലേക്കും ഫെന്റനൈൽ ഒഴുകാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ നൈറ്റാസീനുകൾ, മെത്താംഫെറ്റാമൈൻ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രധാന വിതരണക്കാരും ചൈനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
18 നും 44 നും ഇടയിൽ പ്രായമുള്ള അമേരിക്കക്കാർക്കിടയിൽ മയക്കുമരുന്ന് ഉപയോഗം പ്രധാന മരണകാരണമായി മാറിയിട്ടുണ്ട്. 40 ശതമാനത്തിലധികം അമേരിക്കക്കാർക്കും ഓപിയോയിഡ് ലഹരിയുപയോഗം മൂലം മരിച്ച ഒരാളെയെങ്കിലും അറിയാം. 2024ൽ മാത്രം പ്രതിദിനം ശരാശരി 200 പേരാണ് രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം മൂലം മരിച്ചത്. യു.എസിലേക്കുള്ള ലഹരിയൊഴുക്കിനെതിരെ നടപടി സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.