ന്യൂയോർക്ക്: രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെ മേഖലയെ സംഘർഷഭരിതമാക്കുന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫലസ്തീനികളെ ഗസ്സയിൽനിന്ന് കുടിയിറക്കുമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് പേരുമാറ്റി വംശീയ ഉന്മൂലനം തുടരുമെന്ന പ്രഖ്യാപനം.
20 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ഈജിപ്തിലേക്കും ജോർദാനിലേക്കും പോകണം. യുദ്ധത്തിൽ തകർന്ന ഗസ്സയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മാരക ബോംബുകളും നീക്കി സുന്ദരമാക്കും. കടൽത്തീരത്ത് സുഖവാസകേന്ദ്രങ്ങൾ നിർമിക്കും.
തൊഴിലവസരങ്ങൾ നൽകുന്ന സാമ്പത്തിക വികസനം സൃഷ്ടിക്കും. ഗസ്സ അധിനിവേശം ദീർഘകാലം തുടരുമെന്നും അത് പശ്ചിമേഷ്യയുടെ സ്ഥിരതക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അവിടെ ആരാണ് താമസക്കാരായി ഉണ്ടാവുക എന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയില്ല.
മറ്റു മാർഗങ്ങളില്ലാത്തതുകൊണ്ടാണ് ഗസ്സയിലേക്ക് തിരിച്ചുവരാൻ ഫലസ്തീനികൾ ആഗ്രഹിക്കുന്നത്. കോൺക്രീറ്റ് കൂനകൾ മാത്രമുള്ള പ്രദേശമാണത്. അപകടകരമായ പ്രദേശത്തേക്ക് തിരിച്ചുവരുന്നതിന് പകരം മറ്റു മനോഹരമായ സ്ഥലങ്ങളിലേക്ക് അവർക്ക് പോകാം. താൻ സംസാരിച്ചവരെല്ലാം ഇതൊരു മനോഹര ആശയമാണെന്നാണ് പറഞ്ഞത്.
ഗസ്സയിലേക്ക് സൈന്യത്തെ അയക്കുമോയെന്ന ചോദ്യത്തിന്, പ്രദേശം ഏറ്റെടുക്കുന്നതിനാൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മറുപടി. ഗസ്സ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ നീക്കം ചരിത്രം മാറ്റിമറിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സ ഒരിക്കലും ഭീഷണിയാകാതിരിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. ട്രംപ് അതിനാവശ്യമായ കാര്യങ്ങളാണ് ചെയ്യുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ട്രംപിന്റെ പരാമർശങ്ങൾ പരിഹാസ്യവും അസംബന്ധവുമാണ്. ഗസ്സയിലെ ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമാണിത്. ഈ നീക്കം മേഖലയെ സംഘർഷഭരിതമാക്കുമെന്നും ഹമാസ് നേതാവ് സാമി അബു സുഹ്രി പറഞ്ഞു.
ഫലസ്തീനികളെ മാതൃരാജ്യത്തുനിന്ന് കുടിയിറക്കാനുള്ള നീക്കം അസ്വീകാര്യമാണെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) സെക്രട്ടറി ജനറൽ ഹുസൈൻ അൽ ശൈഖും പറഞ്ഞു. ദ്വിരാഷ്ട്ര സ്ഥാപനം മാത്രമാണ് പ്രശ്നപരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.