അമേരിക്കയോട് വിവേചനം പുലർത്തുന്നു; കനേഡിയൻ ഉൽപന്നങ്ങൾക്ക് 50% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടൺ: കാനഡയിൽ നിന്നുള്ള നിരവധി ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള മദ്യം, വാഹനങ്ങൾ, ക്ഷീരോൽപന്നങ്ങൾ എന്നിവയോട് കാനഡ വിവേചനപരമായ സമീപനം പുലർത്തുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ കടുത്ത നീക്കം. ട്രംപ് ഒപ്പുവെച്ച ഉത്തരവ് അനുസരിച്ച് അടുത്ത 30 ദിവസത്തിനകം പുതിയ നികുതി നിരക്കുകൾ നിലവിൽ വരും. അമേരിക്കയും കാനഡയും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങളിൽ വൻ വിള്ളൽ വീഴ്ത്തുന്നതാണ് വൈറ്റ് ഹൗസിന്റെ ഈ പുതിയ തീരുമാനം.

വൈറ്റ് ഹൗസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് കാനഡയിൽ നിന്നുള്ള വൈൻ, ഐസ് ഹോക്കി സ്റ്റിക്കുകൾ, സിമന്റ് തുടങ്ങിയ പ്രധാന വിപണി ഉൽപന്നങ്ങളെ പുതിയ നികുതി നേരിട്ട് ബാധിക്കും. എന്നാൽ ഊർജ്ജ മേഖലയിലെ ഉൽപന്നങ്ങൾ, പൊട്ടാഷ്, മുൻപ് തന്നെ പ്രത്യേക മേഖല അടിസ്ഥാനമാക്കി അധിക നികുതി ചുമത്തിയിട്ടുള്ള ഉൽപന്നങ്ങൾ എന്നിവയെ പുതിയ 50 ശതമാനം തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, അമേരിക്ക-മെക്സിക്കോ-കാനഡ സൗജന്യ വ്യാപാര കരാറിന്റെ (USMCA) പരിധിയിൽ വരുന്ന ഉൽപന്നങ്ങൾക്കും ഈ പുതിയ നികുതി ബാധകമാകുമെന്നത് കാനഡക്ക് വൻ തിരിച്ചടിയാണ്. താൻ ചുമത്തിയ മുൻകാല തീരുവകളിൽ പലതും ഈ വർഷം ആദ്യം യു.എസ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ, ഇത്തവണ അത്ര കണ്ട ഉപയോഗിച്ചിട്ടില്ലാത്ത 1930ലെ താരിഫ് ആക്ടിലെ സെക്ഷൻ 338 എന്ന നിയമവ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വ്യാപാര പങ്കാളികൾക്ക് മേൽ വ്യാപകമായി തീരുവ ചുമത്തുന്ന നയം ട്രംപ് തുടരുന്നുണ്ടെങ്കിലും, മുൻപ് വടക്കേ അമേരിക്കൻ കരാറുകളുടെ പരിധിയിൽ വരുന്ന ഉൽപന്നങ്ങൾക്ക് ഇളവ് നൽകിയിരുന്നു. എന്നാൽ ഇത്തവണ യു.എസിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വൈറ്റ് ഹൗസ് സ്വീകരിച്ചത്.

ട്രംപിന്റെ പ്രഖ്യാപനത്തോട് ശക്തമായി പ്രതികരിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, അമേരിക്കയുടെ ഈ നീക്കം USMCA വ്യാപാര കരാറിന്റെ നേർക്കുള്ള നേരിട്ടുള്ള ലംഘനമാണ് എന്ന് കുറ്റപ്പെടുത്തി. എങ്കിലും തർക്കങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്കയുമായി കൂടുതൽ ചർച്ചകൾ നടത്താൻ കാനഡ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനക്കൊപ്പം ട്രംപിന്റെ മുൻ തീരുവകൾക്കെതിരെ തിരിച്ചടി നൽകിയ ഒരേയൊരു രാജ്യം കാനഡയാണെന്ന് വൈറ്റ് ഹൗസ് ആരോപിക്കുന്നു. കൂടാതെ കാനഡയിലെ മിക്ക പ്രവിശ്യകളും അമേരിക്കൻ മദ്യങ്ങൾ ബഹിഷ്കരിക്കുകയും കടകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. കാനഡയെ അമേരിക്കയുടെ 51-ാമത് സ്റ്റേറ്റ് ആക്കി മാറ്റണം എന്ന ട്രംപിന്റെ നിരന്തര പ്രസ്താവനകളിൽ പ്രതിഷേധിച്ചായിരുന്നു കാനഡയുടെ ഈ നീക്കം.

‘അമേരിക്കൻ മദ്യങ്ങൾ കാനഡ തങ്ങളുടെ വിപണിയിൽ നിന്ന് ഒഴിവാക്കുകയും, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ക്ഷീരോൽപന്നങ്ങൾക്ക് കൂടുതൽ വിപണി മുൻഗണന നൽകുകയും ചെയ്തു. കൂടാതെ യു.എസിൽ നിന്ന് നിർമിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു’ എന്ന് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ പ്രസ്താവനയിൽ ആരോപിച്ചു. കാനഡയുടെ ഈ വിവേചനത്തിന് മറുപടിയായാണ് പുതിയ തീരുവയെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിലെ കാട്ടുതീയെത്തുടർന്ന് അമേരിക്കയിലേക്ക് പുക പടർന്ന സംഭവത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ട്രംപ് കാനഡക്കെതിരെ തീരുവ ഭീഷണി മുഴക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെ എത്തിയ ഈ പുതിയ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ യുദ്ധം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് വ്യവസായ ലോകം.

Tags:    
News Summary - Trump Imposes New 50% Tariffs on Canadian Goods Over Trade Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.