അപമാനം, ലജ്ജാകരം; ഇസ്രയേൽ-ലബനാൻ കരാർ തള്ളി ഹിസ്ബുല്ല, പകരം ഇറാൻ-യു.എസ് ധാരണ വേണമെന്ന് നഈം ഖാസിം

വാഷിങ്‌ടൺ: ലബനാനും ഇസ്രായേലും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ചട്ടക്കൂട് കരാർ (ഫ്രെയിംവർക്ക് എഗ്രിമെന്റ്) തള്ളി ഹിസ്ബുല്ല. കരാർ അപമാനകരവും ലജ്ജാകരവുമാണെന്നും രാജ്യത്തിന്റെ പരമാധികാരം അടിയറവെക്കുന്നതാണെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിം പ്രസ്താവിച്ചു.

ഇസ്രായേലുമായി ഒപ്പുവെച്ച കരാറിന് പകരം, ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം നടപ്പാക്കണമെന്നാണ് ഹിസ്ബുല്ലയുടെ ആവശ്യം. ലെബനന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇറാനുമായുള്ള ഈ ധാരണാപത്രം അനിവാര്യമാണെന്ന് ഖാസിം വാദിച്ചു.

ഇസ്രായേലിന്റെ പിന്മാറ്റത്തെ ഹിസ്ബുല്ലയുടെ നിരായുധീകരണവുമായി ബന്ധിപ്പിക്കാനുള്ള ഏത് നീക്കവും ‘ചുവപ്പ് വരകൾ ലംഘിക്കുന്ന’ അപകടകരമായ നടപടിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫലസ്തീൻ അധിനിവേശത്തിന് ലബനനിലെ ഭരണകൂടം നൽകുന്ന നിയമസാധുതയായി മാത്രമേ ഈ കരാറിനെ കാണാൻ കഴിയൂ എന്നും, ഇത് വരുംവർഷങ്ങളിൽ ലബനാന്റെ ഭൂമി ഇസ്രായേൽ കൈക്കലാക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധിനിവേശ ശക്തികളെ പുറത്താക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സായുധ പോരാട്ടം തുടരുമെന്നും നഈം ഖാസിം വ്യക്തമാക്കി. അതേസമയം, കരാർ യാഥാർഥ്യമാക്കിയതിലൂടെ നയതന്ത്ര വിജയം കൈവരിച്ചെന്നാണ് ലബനൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇസ്രായേലും ലബനാനും ചരിത്രപരമായ കരാറിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്‌ടണിൽ നടന്ന അഞ്ചാംഘട്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

ഇസ്രായേൽ സൈന്യം കൈവശം വെച്ചിരിക്കുന്ന ദക്ഷിണ ലബനാനിലെ ചില പ്രദേശങ്ങൾ ലബനീസ് സൈന്യത്തിന് കൈമാറുന്നതാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന ചടങ്ങിൽ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, ഇരുരാജ്യങ്ങളിലെയും അംബാസഡർമാർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

നേരത്തെ, പൂർണമായ സൈനിക പിന്മാറ്റം വേണമെന്നായിരുന്നു ലബനന്റെ ആവശ്യം. എന്നാൽ, ഹിസ്ബുല്ലയുടെ നിരായുധീകരണവും അതിർത്തിയിലെ അവരുടെ സാന്നിധ്യം ഒഴിവാക്കുമെന്ന ഉറപ്പും ലഭിക്കാതെ പിന്മാറ്റമില്ലെന്ന നിലപാടിലായിരുന്നു ഇസ്രായേൽ. ഈ തർക്കങ്ങൾക്കിടയിലാണ് ‘പൈലറ്റ് സോണുകൾ’ എന്ന ആശയത്തിലൂടെ ലബനീസ് സൈന്യത്തിന് നിയന്ത്രണം കൈമാറാൻ ധാരണയായത്.

Tags:    
News Summary - Hezbollah rejects US-brokered Israel-Lebanon framework agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.