‘ഞങ്ങൾ തമ്മിൽ ശക്തമായ ചർച്ചകൾ നടന്നു’, ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ ബോംബാക്രമണം തുടരുമെന്ന് ട്രംപ്

പാം ബീച്ച് (ഫ്ലോറിഡ): ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മിക്ക കാര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നും ഡോണാൾഡ് ട്രംപ് പറഞ്ഞു. ‘ഞങ്ങൾ തമ്മിൽ ശക്തമായ ചർച്ചകൾ നടന്നു. അവർ (ഇറാൻ) തന്നെയാണ് ചർച്ചക്ക് മുൻകൈ എടുത്തത്’ ട്രംപ് അവകാശപ്പെട്ടു. ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ വാദം ഇറാൻ നേരത്തെ നിഷേധിച്ചിരുന്നെങ്കിലും ട്രംപ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ സമ്മതിച്ചതായും കരാർ യാഥാർത്ഥ്യമായാൽ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത നിബന്ധനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത് ആരാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല.

ഇറാന്റെ നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ താൻ നേതാവായി അംഗീകരിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ വലിയ രീതിയിലുള്ള ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി. കരാർ ഒപ്പിടുന്നതോടെ ലോകവിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ് പ്രവചിച്ചു. വിപണിയിൽ പരമാവധി എണ്ണ ലഭ്യമാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ഇതിന്റെ മേൽനോട്ടം അമേരിക്കയും ഇറാനും സംയുക്തമായി നിർവ്വഹിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ‘ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ ഞങ്ങൾ ബോംബാക്രമണം തുടരും’ ട്രംപ് കർശന മുന്നറിയിപ്പ് നൽകി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് ദിവസത്തെ വെടിനിർത്തൽ താൽക്കാലികം മാത്രമാണെന്നും ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Trump Claims US and Iran are in the ‘Throes’ of a Historic Peace Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.