ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഗർഭാവസ്ഥയിൽ പാരസറ്റമോൾ കഴിക്കുന്നവ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓട്ടിസം വരാനുള്ള സാധ്യതയുണ്ടെന്ന പ്രഖ്യാപനം നടത്താൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റും പൊളിറ്റിക്കോയുമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം, ഗർഭകാലത്ത് സ്‍ത്രീകൾ പാരസറ്റമോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടുകളെന്നും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
പാരസെറ്റമോൾ ഒരു വേദനസംഹാരിയായി ഉപയോഗിക്കാറുണ്ട്. ടൈലനോൾ എന്ന പേരിൽ അറിയപ്പെടുന്ന അസറ്റാമിനോഫെൻ ആണ് പാരസറ്റമോളിന്റെ പ്രധാന ഘടകം. ഈ ടൈലനോൾ ഗർഭകാലത്ത് ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളിൽ ഓട്ടിസം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അതിനാൽ പനിയും മറ്റുമുള്ളപ്പോൾ ഡോക്ടർമാരുടെ ഉപദേശപ്രകാരമേ ഈ മരുന്ന് ഉപയോഗിക്കാവൂ എന്ന പ്രഖ്യാപനത്തിനാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നത്. ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിലാകും ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക. നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന സുപ്രധാന കാര്യത്തെ കുറിച്ചാണ് പ്രഖ്യാപനമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.
യു.എസിൽ ഓട്ടിസം നിയന്ത്രണവിധേയമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓട്ടിസം വരാൻ ഒരു കാരണമുള്ളതായി സംശയിക്കുന്നതായും ട്രംപ് സൂചിപ്പിക്കുകയുണ്ടായി.
എന്നാൽ ട്രംപ് പറയുന്നത് പോലെയല്ല കാര്യങ്ങൾ. ഇതുവരെ, യു.എസിൽ അസറ്റാമിനോഫെൻ എന്നും മറ്റിടങ്ങളിൽ പാരസെറ്റമോൾ എന്നും അറിയപ്പെടുന്ന ടൈലനോൾ ഗർഭകാലത്ത് ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് മെഡിക്കൽ മാർഗനിർദേശങ്ങളിലുണ്ട്.
ഗർഭകാലത്ത് പാരസറ്റമോളിന്റെയോ ടൈലനോളിന്റെയോ ഉപയോഗം മൂലം കുഞ്ഞുങ്ങൾക്ക് ഓട്ടിസം വരാൻ സാധ്യതയുണ്ടെന്ന പ്രഖ്യാപനം നടത്താൻ മുമ്പ് യു.എസ് ആരോഗ്യ സെക്രട്ടറിയായിരുന്ന റോബർട്ട് എഫ്. കെന്നഡി തയാറെടുത്തിരുന്നതായി സെപ്റ്റംബറിൽ വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു.
മൗണ്ട് സിനായ്, ഹാർവഡ് ഗവേഷകർ ആഗസ്റ്റിൽ നടത്തിയ അവലോകനം ഉൾപ്പെടെയുള്ള മുൻകാല പഠനങ്ങൾ ഉദ്യോഗസ്ഥർ അവലോകനം ചെയ്യുകയാണ്. ഗർഭാവസ്ഥയുടെ ആദ്യകാലങ്ങളിൽ ടൈലനോൾ ഉപയോഗിക്കുന്നതും കുട്ടികളിൽ ഓട്ടിസം വരാനുള്ള സാധ്യത കൂടുതലുള്ളതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇത് സൂചന നൽകുന്നു.
ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ തടയുന്നതിനും വിറ്റാമിൻ ബി9 ന്റെ കുറവ് പരിഹരിക്കുന്നതിനും സാധാരണയായി നിർദേശിക്കപ്പെടുന്ന മരുന്നായ ല്യൂക്കോവോറിന് ഓട്ടിസവുമായി ബന്ധമുണ്ടോ എന്നതിനെ കുറിച്ചും പഠനം നടത്തുന്നുണ്ട്.
ല്യൂക്കോവോറിനെ ചുറ്റിപ്പറ്റിയുള്ള കണ്ടെത്തലുകൾ ശാസ്ത്ര സമൂഹത്തിൽ വീണ്ടും ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഓട്ടിസത്തിന്റെ കാരണങ്ങളും ചികിത്സയും പഠിക്കുന്നതിനും മുമ്പത്തെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്നതിനുമായി 13 ഗവേഷണ സംഘങ്ങൾക്ക് ഗ്രാന്റുകൾ നൽകുന്ന ഒരു പുതിയ ഓട്ടിസം ഡാറ്റാ സയൻസ് സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് യു.എസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇന്ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.