വെസ്റ്റ് ബാങ്കിൽ വിദേശ പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായേൽ സൈന്യം; പിന്നാലെ മാപ്പ് പറഞ്ഞ് തടിയൂരി

ജെനിൻ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ സന്ദർശനം നടത്തുകയായിരുന്ന വിദേശ പ്രതിനിധി സംഘത്തിന് നേരെ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിവെപ്പ്. കാനഡ, ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. വെടിവെപ്പിൽ വ്യാപക പ്രതിഷേധമുയർന്നതോടെ ഇസ്രായേൽ സൈന്യം മാപ്പ് പറഞ്ഞ് തടിയൂരി.

വെസ്റ്റ് ബാങ്കിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായാണ് പ്രതിനിധി സംഘം എത്തിയതെന്ന് ഫലസ്തീൻ അതോറിറ്റി അറിയിച്ചു. സന്ദർശനം സംബന്ധിച്ച് മുൻകൂട്ടി ഇസ്രായേൽ സൈന്യത്തിനും വിവരം നൽകിയിരുന്നു. എന്നാൽ, സന്ദർശനത്തിനിടെ സൈന്യം വെടിയുതിർത്തതോടെ പ്രതിനിധി സംഘം ചിതറിയോടി. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.  


പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്തതിൽ വിവിധ രാജ്യങ്ങൾ രൂക്ഷ വിമർശനവുമായി എത്തിയതോടെ ഇസ്രായേൽ സൈന്യം മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സൈന്യം വ്യക്തമാക്കി. നേരത്തെ അറിയിച്ച റൂട്ടിൽ നിന്ന് പ്രതിനിധി സംഘം മാറിസഞ്ചരിച്ചെന്നും അതാണ് വെടിവെപ്പിനിടയാക്കിയതെന്നുമാണ് ഇസ്രായേൽ നിലപാട്. 


ഗസ്സയിലെ കൂട്ടക്കൊലകളിൽ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് വെസ്റ്റ് ബാങ്കിലെ സംഭവം. ഗസ്സയിലെ സൈനിക നടപടി തുടരുകയാണെങ്കിൽ ഇസ്രായേലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ തങ്ങൾ മടിക്കില്ലെന്ന് യു.കെയും ഫ്രാൻസും കാനഡയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സ കടുത്ത മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ആലോചിക്കുമെന്ന് ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ്. 

Tags:    
News Summary - Troops fire foreign diplomats touring Jenin; IDF apologizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.