ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ–യു.എ.ഇ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് യു.എൻ; ഇന്ത്യക്ക് ‘മധ്യസ്ഥന്റെ’ പങ്ക് വഹിക്കാനാകുമെന്ന് പ്രതികരണം
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. സംഘർഷത്തിലിരിക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാരിക് പറഞ്ഞു.
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ചയാണ് ഇറാൻ പ്രസിഡന്റും യു.എ.ഇ കിരീടാവകാശിയും കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.
“അവർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലും തരത്തിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ, സംഘർഷത്തിലുള്ള കക്ഷികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് വളരെ പ്രധാനമാണ്,” ദുജാരിക് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ മധ്യസ്ഥന്റെ റോളിലുള്ള ഇന്ത്യയുടെ സാധ്യതകൾ അത് എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ചും ദുജാരിക് പ്രതികരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ചതും യു.എൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ചതുമായ സമാധാന പദ്ധതി എല്ലാ കക്ഷികളും നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ മാനുഷിക സാഹചര്യം “വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തവിധം ഗുരുതരമാണ്” എന്നും ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന അസ്ഥിരതക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ദുജാരിക് വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം ഇസ്രയേലും ഫലസ്തീനും ഉൾപ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരം (two-state solution) എന്ന ലക്ഷ്യം കൈവിടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.