ട്രംപ് ഭരണകൂടത്തിനെതിരെ ടിക്ടോക് തിങ്കളാഴ്ച കേസ് ഫയൽ ചെയ്യും

ബെയ്ജിങ്: ബൈറ്റ്ഡാൻസുമായി അമേരിക്കയിലെ കമ്പനികൾക്ക് ഇടപാട് നടത്താൻ പറ്റില്ലെന്ന ട്രംപ് ഭരണകൂടത്തിന്‍റെ എക്സിക്യൂട്ടീവ് ഓർഡറിനെതിരെ ടിക്ടോക് തിങ്കളാഴ്ച കേസ് ഫയൽ ചെയ്യും. ടിക്ടോകിന്‍റെ മാതൃ കമ്പനിയാണ് ബൈറ്റ്ഡാൻസ്. അമേരിക്ക – ചൈന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച്‌ ടിക് ടോകിനെതിരെ അമേരിക്ക ശക്തമായ നീക്കങ്ങളായിരുന്നു നടത്തിയിരുന്നത്.

ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനക്കുമായി ടിക് ടോകിനെ ചൈന ഉപയോഗപ്പെടുത്തുന്നെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. തുടർന്ന് ബൈറ്റ് ഡാന്‍സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചിരുന്നു. ആഗസ്റ്റ് ആറിന് ഒപ്പുവെച്ച ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് കമ്പനി നിയമനടപടിക്ക് നീങ്ങുന്നത്.

'ഒരു വർഷത്തോളമായി, യു‌.എസ് സർക്കാറിന്‍റെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള വഴികൾ തേടുന്നതിന് ഞങ്ങൾ വിശ്വസ്തതയോടെ ഇടപെടുകയായിരുന്നു. പക്ഷേ അമേരിക്കൻ സർക്കാർ വസ്തുതകൾക്കുമേൽ കണ്ണടക്കുകയാണ്. ഞങ്ങളുടെ കാര്യത്തിൽ സാധാരണ നിയമ നടപടിക്രമങ്ങൾപോലും ലംഘിക്കപ്പെട്ടു ' കമ്പനി പറഞ്ഞു.

ട്രംപ് ഭരണകൂടം ആരോപിക്കുന്നത് പോലെ നിയമത്തെ മറികടന്നുള്ള കാര്യങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ഉപയോക്താക്കളെ അറിയിക്കേണ്ട ബാധ്യതയും ഞങ്ങൾക്കുണ്ട്. അതിനാൽ ജുഡീഷ്യൽ സംവിധാനത്തിലൂടെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ നീങ്ങുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല -അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം യു.എസ് കമ്പനികളായ ഒറാക്ളും മൈക്രോസോഫ്റ്റും ടികിടോകിനെ ഏറ്റെടുക്കുന്നതുമാ‍യി ബന്ധപ്പെട്ട് ചർച്ചകളിൽ സജീവമായിരുന്നു.

ഈയാഴ്ച ഇത് രണ്ടാം തവണയാണ് ട്രംപ് ഭരണകൂടത്തിനെതിരെ കമ്പനികൾ കേസ് ഫയൽ ചെയ്യുന്നത്. നേരത്തേ ചൈനീസ് മെസ്സേജിങ് ആപായ വീ ചാറ്റും കേസ് ഫയൽ ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.