ഗസ്സയിലെ ആയിരക്കണക്കിന് തൊഴിലാളികൾ ഇസ്രായേൽ തടങ്കലിലെന്ന് റിപ്പോർട്ട്

ഗസ്സസിറ്റി: യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ഗസ്സയിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളെ കാണാതായതായി റിപ്പോർട്ട്. ഇവരെ ഇസ്രായേൽ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് വിവരം. ഇസ്രായേലിൽ ജോലി ചെയ്യാനുള്ള പെർമിറ്റ് റദ്ദാക്കിയതിനെത്തുടർന്ന്, അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈനിക കേന്ദ്രങ്ങളിൽ തൊഴിലാളികളിൽ ചിലരെ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും തൊഴിലാളി സംഘടനകളും കരുതുന്നു. ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ ഇസ്രായേൽ അധികൃതർ തയാറായിട്ടില്ല.

ഒക്‌ടോബർ ഏഴിനാണ് ഫലസ്തീൻ ചെറുത്തുനിൽപ് സംഘമായ ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയത്. അതിനു പിന്നാലെ ഗസ്സക്കു നേരെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയായിരുന്നു. ഗസ്സയിലെ ഏകദേശം 18,500 നിവാസികൾ പുറത്ത് ജോലി ചെയ്യാനുള്ള പെർമിറ്റുണ്ട്. ഈ തൊഴിലാളികളുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഇസ്രായേൽ സൈന്യം വളഞ്ഞിട്ട് അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് കണക്കാക്കുന്നത്.ഇവിടെ നിന്ന് രക്ഷപ്പെട്ട ഒരാളാണ് അൽജസീറയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത തന്നെ 300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്തേക്ക് മാറ്റിയെന്നും അവിടെ നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം ജനിച്ചത് ഗസയിലാണെങ്കിലും വെസ്റ്റ് ബാങ്കിൽ താമസിക്കുന്നയാളാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിട്ടയച്ചത്.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് നൂറുകണക്കിന് തൊഴിലാളികളെ ഏകപക്ഷീയമായി തടങ്കലിൽ പാർപ്പിക്കാൻ ഇസ്രായേൽ ഗവൺമെന്റ് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ 8000ത്തോളം ആളുകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

Tags:    
News Summary - Thousands of Gaza workers go ‘missing’ in Israel amid wartime mass arrests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.