ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി
തെഹ്റാന്‍: ഇറാന്‍ യുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്നും ചർച്ചകൾക്കായി മേശക്കുചുറ്റുമിരിക്കുമ്പോഴാണ് തങ്ങൾക്കെതിരെ യുദ്ധം അടിച്ചേൽപ്പിച്ചതെന്നും ഇന്ത‍്യയിലെ ഇറാന്‍ പരമോന്നത നേതാവിന്‍റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി. പശ്ചിമേഷ‍്യയിലെ സംഘർഷങ്ങളെക്കുറിച്ചും ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധത്തെക്കുറിച്ചും എ.എന്‍.ഐയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
`ഞങ്ങൾക്ക് യുദ്ധം വേണ്ടായിരുന്നു, ഞങ്ങൾ പലതവണ യുദ്ധത്തിൽ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഫെബ്രുവരി 26ന് ജനീവയിൽ വാഷിങ്ടണും തെഹ്‌റാനും തമ്മിലുള്ള മൂന്നാം വട്ട ആണവ ചർച്ചക്കിടെയാണ് ഇറാൻ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ പ്രശ്‌നങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം ഇറാനല്ല, അത് യു.എസും ഇസ്രായേലും സൃഷ്ടിച്ചതാണെന്നും ഇലാഹി പറഞ്ഞു. `അവശ‍്യസാധനങ്ങളായ ഗ്യാസ്, പെട്രോൾ, എണ്ണ തുടങ്ങിയവയുടെ ക്ഷാമം മൂലം ആളുകൾ ബുദ്ധിമുട്ടനുഭവിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നില്ല, പക്ഷേ ഞങ്ങൾക്ക് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്' -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങൾ കഷ്ടപ്പെടുകയാണെന്നും, ദയവായി ഈ യുദ്ധം അവസാനിപ്പിക്കൂ എന്നും അമേരിക്കയോട് ലോകനേതാക്കൾ ആവശ്യപ്പെടേണ്ടത് അവരുടെ കടമയാണെന്നും ഇലാഹി അഭിപ്രായപ്പെട്ടു. ഇസ്രായേലും യു.എസും ചേർന്ന് ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയോടൊപ്പം നൂറുകണക്കിന് ഇറാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഈ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പത്ത് ദശലക്ഷം ഡോളറിലധികം പാരിതോഷികവും പുനരധിവാസവും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ ‘ഭീകരവാദ നേതാക്കൾ’ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.