ഇറാന്റെ ഖാർഗ് ദ്വീപിലെ എണ്ണ കയറ്റുമതി കേന്ദ്രം ആക്രമിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ പശ്ചിമേഷ്യൻ ഭൂമിശാസ്ത്രത്തിലെ അതിനിർണായകമായ ഈ കുഞ്ഞു ദ്വീപ് വാർത്തകളിൽ നിറയുകയാണ്. ഇറാന്റെ വിശാലമായ എണ്ണ ശുദ്ധീകരണ ശാലകൾ സ്ഥിതിചെയ്യുന്ന അതി തന്ത്രപ്രധാനമായ മേഖലയാണ് ഖാർഗ്. ഇസ്രായേലും അമേരിക്കയും ഇറാനു നേർക്ക് യുദ്ധം ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഖാർഗിനെ ഇതുവരെ ഉന്നമിട്ടിരുന്നില്ല.
ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലേറെ അകലെ ഹുർമുസിന്റെ വടക്കുപടിഞ്ഞാറായാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ദ്വീപിനേൽക്കുന്ന ഏതൊരു ആഘാതവും ഇറാന്റെ സമ്പദ് വ്യവസ്ഥയെയും ആഗോള എണ്ണ വിപണിയെയും സാരമായി ബാധിക്കും. ലോകത്ത് ഇതുവരെ തെളിയിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ 11.8 ശതമാനവും സ്വന്തമായുള്ള ഇറാന്റെ എണ്ണ കയറ്റുമതിയുടെ ആസ്ഥാനമായാണ് ഇത് കണക്കാക്കുന്നത്. രാജ്യത്തെ എണ്ണയുടെ 90 ശതമാനവും പുറത്തേക്കൊഴുകുന്നത് ഈ ദ്വീപു വഴിയാണ്.
ഖാർഗിലാണ് ഇറാന്റെ എണ്ണപ്പാടങ്ങളിൽനിന്നുള്ള പൈപ്പുകളിൽ മഹാഭൂരിപക്ഷവും അവസാനിക്കുന്നത്. ഇവിടെവെച്ചാണ് കപ്പലുകളിൽ കയറ്റിപ്പോകുന്നതും. അമേരിക്കൻ കമ്പനിയായ ‘അമോകോ’ സ്ഥാപിച്ച പൈപ് ലൈനുകൾ 1979ലെ വിപ്ലവകാലത്ത് ഇറാൻ പിടിച്ചെടുക്കുകയായിരുന്നു. ഇറാൻ തീരങ്ങളിലേറെയും കപ്പലുകളടുപ്പിക്കാനാവാത്തവിധം ആഴം കുറഞ്ഞതോ എക്കൽ നിറഞ്ഞതോ ആണെങ്കിൽ ഖാർഗിലേത് ആഴംകൂടിയവയാണ്. ശരാശരി 13 ലക്ഷം മുതൽ 16 ലക്ഷം വരെ ബാരൽ എണ്ണ പ്രതിദിനം ഇവിടെനിന്ന് കയറ്റിപ്പോകുന്നുണ്ട്. ഖാർഗിൽ 1.80 കോടി ബാരൽ കരുതൽ ശേഖരമായും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഖാർഗിനെ തകർക്കുന്നതോ പിടിച്ചടക്കുന്നതോ മൂലമുള്ള പ്രതിസന്ധി ലോക സമ്പദ്‍വ്യവസ്ഥക്കും കനത്ത ആഘാതമേൽപിക്കും. ഖാർഗ് ദ്വീപ് ലക്ഷ്യമിട്ടാൽ ആ രാജ്യത്തുനിന്നുള്ള എണ്ണ കയറ്റുമതി നിലക്കുന്നതോടെ എണ്ണവില പിടിത്തംവിട്ട് കുതിക്കുമെന്നുറപ്പ്.
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്ന് എന്നാണ് ദ്വീപിനു നേർക്കുള്ള ആക്രമണത്തെ സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് വിശേഷിപ്പിച്ചത്. ബോംബുകൾ പതിക്കുന്ന വിഡിയോയും ഒപ്പമുണ്ടെങ്കിലും ആക്രമണത്തെ സ്ഥിരീകരിക്കുന്ന ഒരു തെളിവും ട്രംപ് നൽകിയിട്ടില്ല. ഈ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലകൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യു.എസുമായി ബന്ധപ്പെട്ട എണ്ണ ശുദ്ധീകരണ ശാലകളും ‘ചാരക്കൂമ്പാര’മാക്കി മാറ്റുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.