തെഹ്റാൻ: ‘എവിടെയോ നീയും ഞാനും അവസാനിക്കും. ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും’. കഴിഞ്ഞദിവസം ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ യുവകവി പർണിയ അബ്ബാസിയുടെ കവിതയുടെ വരികളാണിത്. ‘ഞാന്‍ ഒടുങ്ങും, കത്തി ജ്വലിക്കും, നേര്‍ത്ത പുക പോലെ നിന്റെ ആകാശത്തെ കെട്ടുപോയ നക്ഷത്രമാകും’. പര്‍ണിയ എഴുതിയ വരികള്‍ പോലെ തന്നെയായിരുന്നു അവരുടെ വിടവാങ്ങലും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആ വരികള്‍ പലരും വേദനയോടെ ഷെയർ ചെയ്യുന്നുണ്ട്. ഇറവനിലെ പുതുതലമുറ കവികളിൽ ഏറ്റവും ശ്രദ്ധേയയായിരുന്നു പർണിയ.
പ്രതീക്ഷയും സ്വപ്നങ്ങളും ആവോളം പുലർത്തിയ യുവ കവിയായിരുന്നു പർണിയ. സംഘർഷത്തിന്റെ ആകാശങ്ങളിലാണ് തന്റെ ജീവിതമെന്നു മനസ്സിലാക്കുമ്പോഴും വരികളിൽ നിറയെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം സ്വപ്നം കണ്ട യുവ പ്രതിഭയായിരുന്നു ഇവർ. സംഘര്‍ഷത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും നിരന്തരം പര്‍ണിയയുടെ തൂലിക ശബ്ദിച്ചു.
‘എന്റെ അനുഭവങ്ങളെല്ലാം പകർത്തിയെഴുതാനാണ് എന്റെ ശ്രമം’ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. കാസ്‌വിന്‍ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിവര്‍ത്തന സാഹിത്യത്തില്‍ ബിരുദം നേടിയ അവർ ബാങ്ക് ജീവനക്കാരിയായും പിന്നീട് ഇംഗ്ലീഷ് അധ്യാപികയായും ജോലി ചെയ്തു. ‘The Extinguished Star’ എന്ന പർണിയയുടെ കവിത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുപത്തിനാലാം പിറന്നാളിന് പത്തുനാള്‍ മുമ്പായിരുന്നു ഇസ്രായേല്‍ മിസൈലുകള്‍ ആ യുവ കവിയുടെ ജീവനെടുത്തത്.
ജൂൺ 12ന് തെഹ്‌റാനിലെ സത്താർഖാൻ പരിസരത്തുള്ള റെസിഡൻഷ്യൽ കോംപ്ലക്‌സിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് പർണിയയും കുടുംബവും കൊല്ലപ്പെട്ടത്.
പിതാവ് അധ്യാപകനായിരുന്ന പർവിസ് അബ്ബാസി, ബാങ്ക് ജീവനക്കാരിയായിരുന്ന അമ്മ മസൗമെ ഷഹ്രിയാരി, യൂനിവേഴ്സിറ്റി വിദ്യാർഥിയായ ഇളയ സഹോദരൻ പഹ്റാം അബ്ബാസി എന്നിവരും പർണിയക്കൊപ്പം കൊല്ലപ്പെട്ടു.
പർണിയയുടെ മരണം വലിയ വേദനയാണ് ആരാധകരിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇറാനെ ലോകകവിതകളിൽ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആ ഉദയനക്ഷത്രത്തിന്റെ വേർപാട് പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. സൈബറിടങ്ങൾ പർണിയ അബ്ബാസിക്കുള്ള അനുശോചന പ്രവാഹം കൊണ്ട് നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.