മുജ്തബ ഖാംനഈ

പിൻഗാമിയായി മകൻ! ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈ ?

തെഹ്‌റാൻ: ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ രാജ്യത്തിൻ്റെ പുതിയ പരമോന്നത നേതാവായി ഇറാൻ്റെ അസംബ്ലി ഓഫ് എക്സ്പെർട്ട്സ് (Assembly of Experts) തെരഞ്ഞെടുത്തതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ നിർണ്ണായക തീരുമാനം.

ഇറാനിലെ ശക്തമായ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐ.ആർ.ജി.സി) സമ്മർദ്ദത്തെത്തുടർന്നാണ് മുജ്‌തബയെ പിൻഗാമിയായി തെരഞ്ഞെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

ആരാണ് മുജ്തബ ഖാംനഈ?

ആയത്തുല്ല അലി ഖാംനഈയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖാംനഈ (56). ദീർഘകാലമായി ഇറാൻ്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമാണ് മുജ്തബ. 1969 സെപ്റ്റംബർ 8നാണ് മുജ്‌തബയുടെ ജനനം. പിതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിൻ്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഐ.ആർ.ജി.സിയുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇറാൻ-ഇറാഖ് യുദ്ധകാലം മുതൽ സൈനിക കേന്ദ്രങ്ങളുമായി ഇദ്ദേഹം സജീവ ബന്ധം പുലർത്തുന്നുണ്ട്.

1989 മുതൽ ഇറാൻ്റെ പരമോന്നത നേതാവായിരുന്ന അലി ഖാംനഈ കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ മരണം രാജ്യത്ത് വലിയൊരു നേതൃശൂന്യത സൃഷ്ടിച്ചിരുന്നു. മുജ്‌തബയുടെ നിയമനത്തോടെ, ഇറാനിലെ പരമോന്നത അധികാരം വീണ്ടും ഖാംനഈ കുടുംബത്തിൽ തന്നെ നിലനിർത്തപ്പെട്ടിരിക്കുകയാണ്.

Tags:    
News Summary - Son succeeds; Mojtaba Khamenei appointed as Iran's new supreme leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.