അമേരിക്ക-ഇസ്രായേൽ സഖ്യം തുടരുന്ന ആക്രമണത്തിൽ ഇറാനിൽ കനത്ത ആൾനാശവും വിഭവനഷ്ടവും സംഭവിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ജയിക്കാൻ പ്രയാസമേറിയതാണെന്ന് നിരീക്ഷിക്കുന്നു വിവിധ മാധ്യമ അഭിമുഖങ്ങളിലൂടെ മുൻ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ സീനിയർ അഡ്വൈസറും മുൻ കേണലുമായ ഡഗ്ലസ് മഗ്രെഗോർ. ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ സൈനിക നീക്കം ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിജീവന പോരാട്ടമായി മാറിയിരിക്കുകയാണ്.
അമേരിക്കൻ സൈനിക ശേഷിയിലെ പോരായ്മയാണ് അതിനൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ദീർഘകാലം നീളുന്ന ഒരു യുദ്ധത്തിന് ആവശ്യമായ മിസൈലുകളോ ലോജിസ്റ്റിക് സംവിധാനങ്ങളോ നിലവിൽ അമേരിക്കക്കില്ല. യുക്രെയ്ന് വലിയ അളവിൽ മിസൈലുകൾ നൽകിയത് യു.എസ് ആയുധശേഖരത്തെ ബാധിച്ചിട്ടുണ്ട്. അതേ സമയം ഏതാനും ആയിരം ഡോളർ മാത്രം വിലവരുന്ന ഡ്രോണുകൾ ഉപയോഗിച്ച് ഗൾഫ് മേഖലയിലെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ഇറാന് സാധിക്കുന്നു. തുർക്കിയയിലെ ഇൻസിർലിക് (Incirlik) ഉൾപ്പെടെയുള്ള മിക്ക അമേരിക്കൻ താവളങ്ങളും ഇറാന്റെ മിസൈൽ ആക്രമണത്തിൽ പ്രവർത്തനരഹിതമായിക്കഴിഞ്ഞു.
അമേരിക്കൻ അധിനിവേശത്തെ പ്രതിരോധിക്കാൻ റഷ്യയും ചൈനയും ഇറാന് പിന്തുണ നൽകിയാൽ അത് ആഗോളതലത്തിൽ പുതിയ സൈനിക-സാമ്പത്തിക സഖ്യങ്ങൾക്ക് വഴിതെളിക്കും. പരമ്പരാഗത യുദ്ധത്തിലൂടെ ഇറാനെ കീഴടക്കാൻ കഴിയില്ലെന്ന് വരുമ്പോൾ, ഇസ്രായേൽ കുറഞ്ഞ അളവിൽ റേഡിയേഷൻ പുറത്തുവിടുന്ന ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന ഭയാനകമായ സൂചനയും അദ്ദേഹം നൽകുന്നു. അഴിമതി നിറഞ്ഞ അമേരിക്കൻ കോൺഗ്രസ് രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് അമേരിക്കൻ ജനതയുടെ താൽപര്യങ്ങൾക്കല്ല, മറിച്ച് ഇസ്രായേൽ ലോബിയുടെ താൽപര്യങ്ങൾക്കനുസരിച്ചാണെന്ന് വിമർശിക്കുന്ന മഗ്രെഗോർ സ്വന്തം സൈനികരുടെ ജീവൻ പണയപ്പെടുത്തിയാണ് അമേരിക്ക ഇത്തരം സൈനിക സാഹസങ്ങൾക്ക് മുതിരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ഈ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറുമൊരു വിദേശ യുദ്ധമല്ല, മറിച്ച് ദേശീയ സുരക്ഷയെയും സാമ്പത്തിക നിലയെയും നേരിട്ട് ബാധിക്കുന്ന ‘എമർജൻസി’ ആകുമെന്നാണ് കേണൽ ഡഗ്ലസ് മഗ്രെഗോർ നടത്തുന്ന സുപ്രധാന നിരീക്ഷണം. ഇറാനിലെ ചബഹാർ തുറമുഖത്ത് ഇന്ത്യ നടത്തിയിട്ടുള്ള 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപം അപകടത്തിലായി. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടം ഇതോടെ അടഞ്ഞുപോയേക്കാം. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെടുന്നത് ഇന്ത്യയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകും. ഇത് ഓരോ ഇന്ത്യൻ കുടുംബത്തിനും മേൽ അടിച്ചേൽപിക്കപ്പെടുന്ന ഒരു ‘യുദ്ധ നികുതി’യായി മാറും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശേഷിയുള്ള ഏക ശക്തിയെന്ന നിലയിൽ വാഷിങ്ടണിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ ഉടൻ തന്നെ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകണമെന്നും മഗ്രെഗോർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.