ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് പുകയുയരുന്നു
പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നതിനിടെ കൂടുതൽ സേനയെ അയക്കുകയാണെന്ന് പെന്റഗൺ. യു.എസ് സൈനിക നീക്കം കൂടുതൽ ശക്തമാക്കുമെന്നും ആഴ്ചകൾ നീണ്ടുനിൽക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അധിക സേനയെ അയക്കുന്നതായി പ്രതിരോധ വകുപ്പിന്റെ സ്ഥിരീകരണം. സൈനികർക്ക് പുറമെ യുദ്ധവിമാനങ്ങളും അയക്കും. അധികമായി പശ്ചിമേഷ്യയിലെത്തുന്ന സൈനികരെ കുറിച്ച വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കരസേന നിലവിൽ ഇറാനിലെത്തിയിട്ടില്ല. അങ്ങനെയൊരു സാധ്യത തള്ളാനാകില്ലെന്നും പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് പറഞ്ഞു.
‘‘നാലോ അഞ്ചോ ആഴ്ചകളെടുക്കുമെന്നാണ് തുടക്കം മുതൽ നാം കണക്കുകൂട്ടിയത്. അതിലേറെ നീളാനും നമുക്ക് ശേഷിയുണ്ട്’’- എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ വാക്കുകൾ. മൂന്ന് ദിവസങ്ങൾക്കിടെ നൂറുകണക്കിനുപേരുടെ മരണത്തിനിടയാക്കി ആയിരക്കണക്കിന് വ്യോമാക്രമണങ്ങളാണ് ഇറാനിൽ യു.എസും ഇസ്രായേലും ചേർന്ന് നടത്തിയത്. പ്രത്യാക്രമണമെന്നോണം ഇസ്രായേലിലും പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിലും വ്യാപകമായി ഇറാനും ഡ്രോൺ, മിസൈൽ വർഷം നടത്തി.
വ്യോമതാവളങ്ങൾക്കു നേരെയുള്ള ഇറാൻ ആക്രമണത്തിൽ ആറു യു.എസ് സൈനികർ മരിച്ചിട്ടുണ്ട്. എന്നാൽ, ഇറാൻ യുദ്ധം അനന്തമായി നീളുകയില്ലെന്നും ഇത് ഇറാഖ് അല്ലാത്തതിനാൽ അവസാനിക്കുന്ന നീക്കമാകുമെന്നും പീറ്റർ ഹെഗ്സേത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. ഇറാനിൽ ഭരണമാറ്റത്തിനായുള്ള യുദ്ധമല്ല ഇതെങ്കിലും തീർച്ചയായും ഭരണം മാറുമെന്നും ഹെഗ്സേത്ത് അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാൻ ആക്രമണം രൂക്ഷമാണ്. പ്രധാനമായും യു.എസ് താവളങ്ങളാണ് ലക്ഷ്യമിടുന്നതെങ്കിലും അല്ലാത്ത കേന്ദ്രങ്ങളിലും വൻതോതിൽ മിസൈലും ഡ്രോണും വീണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഈ രാജ്യങ്ങളുടെ സംരക്ഷണം അമേരിക്കൻ സേനയുടെ പരിധിയിലല്ലെങ്കിലും താവളങ്ങൾ അനുവദിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നുവെന്ന വൈരുധ്യമുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയതുമുതൽ ഇത്തവണ വ്യാപക ആക്രമണങ്ങൾ വരെ അമേരിക്കയുടെ അറിവോടെയാകുമെന്ന ആധിയുമുണ്ട്. പുതുതായി സൈനികർ എത്തുന്നത് തങ്ങളുടെ സുരക്ഷക്കാകില്ലെന്നതാണ് പശ്ചിമേഷ്യൻ രാജ്യങ്ങളെ ശരിക്കും മുൾമുനയിൽ നിർത്തുന്നത്.
ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ എന്നിവയടക്കം പശ്ചിമേഷ്യയിലെ 14 രാജ്യങ്ങളിൽനിന്ന് അമേരിക്കക്കാർ മടങ്ങാൻ നിർദേശിച്ച് സ്റ്റേറ്റ് വകുപ്പ്. സൗദി അറേബ്യയിലെയും കുവൈത്തിലെയും എംബസികൾ ഇന്നലെ അടച്ചുപൂട്ടിയിരുന്നു. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഇറാഖ്, ജോർഡൻ, ബഹ്റൈൻ എന്നീ ആറ് രാജ്യങ്ങളിലെ എംബസികളിൽ അവശ്യ സേവനത്തിനുള്ളവരൊഴികെ മടങ്ങാനും നിർദേശിച്ചിട്ടുണ്ട്. ജോർഡനിൽ തിങ്കളാഴ്ച എംബസി സമുച്ചയം താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. പാകിസ്താനിലും യു.എസ് നയതന്ത്ര കാര്യാലയങ്ങൾക്കുനേരെ വ്യാപക പ്രതിഷേധങ്ങൾ നിരവധി പേരുടെ മരണത്തിൽ കലാശിച്ചിരുന്നു.
യുദ്ധം അമേരിക്കയും ഇസ്രായേലും തന്നെ അവസാനിപ്പിക്കണമെന്നും ഞങ്ങൾ അത് തുടങ്ങിയിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബാഗി. ഇനിയും വൈകുന്നതിനുമുമ്പ് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇവിടെ തുടക്കമിട്ട പ്രക്രിയ വൈകാതെ യൂറോപ്പിനെയും മുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ഹുർമുസ് കടൽ അടച്ചിട്ടതിനെ തുടർന്ന് അറബിക്കടലിലും ഒമാൻ കടലിലുമായി കുടുങ്ങിക്കിടക്കുന്നത് ഇന്ത്യൻ പതാക വഹിച്ച 37 കപ്പലുകൾ. ഇവയിലായി 1,109 ജീവനക്കാരുമുണ്ട്. ഇവയിൽ ചിലത് ഇന്ത്യൻ തുറമുഖത്തേക്ക് അസംസ്കൃത എണ്ണയും പ്രകൃതിവാതകവും കയറ്റിയവയാണെങ്കിൽ മറ്റുള്ളവ കയറ്റാനായി പുറപ്പെട്ടവയാണ്. ആക്രമണങ്ങളിലായി ഇതുവരെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഷിപ്പിങ് മന്ത്രാലയം പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.