പ്രാർഥനാനിരതമായ ബാങ്കുവിളി മുഴങ്ങി; 40 ദിവസത്തിനുശേഷം മസ്ജിദുൽ അഖ്സ തുറന്നു

ജറൂസലം: ആഴ്ചകൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും സംഘർഷങ്ങൾക്കും താൽകാലിക വിരാമമായതോടെ പുണ്യഭൂമിയായ അൽ അഖ്സ പള്ളിയിൽ വീണ്ടും പ്രാർഥന നിരതമായ പ്രഭാതം വിടർന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള താൽകാലിക വെടിനിർത്തൽ നിലവിൽവന്നതോടെ നീണ്ട 40 ദിവസത്തെ അടച്ചിടലിനുശേഷമാണ് വ്യാഴാഴ്ച ഫജർ നമസ്കാരത്തിനായി പള്ളി തുറന്നുകൊടുത്തത്. യുദ്ധം ആരംഭിച്ചത് മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നീങ്ങിയപ്പോൾ നിറഞ്ഞ മനസ്സോടെയാണ് വിശ്വാസികളാണ് അൽ-അഖ്സയുടെ മുറ്റത്തേക്കെത്തിയത്. അൽ-അഖ്സ പള്ളിക്ക് പുറമെ പഴയ നഗരത്തിലെ വെസ്റ്റേൺ വാൾ, ചർച്ച് ഓഫ് ഹോളി സെപുൽക്കർ എന്നീ പുണ്യസ്ഥലങ്ങളും സന്ദർശകർക്കായി തുറന്നുനൽകിയിട്ടുണ്ട്. ഈസ്റ്റർ, പെസഹ തുടങ്ങിയ പ്രധാന ആഘോഷ വേളകളിൽ പോലും ഇവ അടഞ്ഞുകിടന്നിരുന്നിരുന്നു.

വെടിനിർത്തലിൽ ആശ്വാസം; ചർച്ചകളുമായി ലോകരാജ്യങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാനും തമ്മിലുള്ള രണ്ട് ആഴ്ചത്തെ വെടിനിർത്തൽ കരാറാണ് താൽകാലിക സമാധാനത്തിന് വഴിതുറന്നത്. അമേരിക്കൻ കോൺഗ്രസിലെ ഡെമോക്രാറ്റിക് നേതാവ് ചെക്ക് ഷുമറുടെ നേതൃത്വത്തിൽ ട്രംപിന്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള നീക്കങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.

വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിലും ലബനാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രായേൽ ലബനാനിൽ നടത്തുന്ന വ്യോമാക്രമണങ്ങൾ വെടിനിർത്തൽ കരാറിനെ തകിടം മറിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലബനാൻ പ്രധാനമന്ത്രി നവാസ് സലാം വ്യാഴാഴ്ച രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അതിനിടെ ലബനാനിൽ തുടരുന്ന അക്രമണത്തിൽനിന്ന് ഇസ്രായേൽ പിന്മാറണമെന്നും അല്ലെങ്കിൽ വെടിനിർത്തൽ കരാറിൽനിന്ന് പിന്തിരിയുമെന്നും ഇറാൻ വെളിപ്പെടുത്തിയിരുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നുവെന്ന് വിമർശിച്ച് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തെത്തി . ഇസ്രായേലുമായുള്ള വ്യാപാര കരാറുകൾ യൂറോപ്യൻ യൂനിയൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൽകാലിക സമാധാനം കൈവന്നെങ്കിലും മേഖലയിലെ അനിശ്ചിതത്വം പൂർണമായും നീങ്ങാത്ത അവസ്ഥയിലാണ്. പാകിസ്താന്റെ മധ്യസ്ഥയിൽ ഇസ്ലാമാബാദിൽ ചർച്ചകൾക്ക് വേദിയൊരുങ്ങുന്നുണ്ടെന്നത് ആശ്വാസകരമാണ്.

Tags:    
News Summary - The call to prayer was heard; Al-Aqsa Mosque opened after 40 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.