ബാങ്കോക്: അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വെള്ളിയാഴ്ച തായ്ലൻഡ് പാർലമെന്റ് പിരിച്ചുവിട്ടു. കംബോഡിയയുമായി പോരാട്ടം തുടരുന്നതിനിടെയാണ് നടപടി. രാജാവ് മഹാ വജിരലോങ്കോണിന്റെ അനുമതി ലഭിച്ചതിനെതുടർന്ന് പ്രധാനമന്ത്രി അനുതിൻ ചർൺവിരകുലാണ് പ്രതിനിധിസഭ പിരിച്ചുവിട്ടത്.
‘ജനങ്ങൾക്ക് അധികാരം തിരിച്ചുനൽകുന്നു’വെന്ന് സൂചിപ്പിച്ച് വ്യാഴാഴ്ച പ്രധാനമന്ത്രി അനുതിൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. രാജാവിന്റെ അംഗീകാരം ലഭിച്ചാൽ 45 മുതൽ 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. ഈ കാലയളവിൽ അനുതിനിന്റെ നേതൃത്വത്തിൽ കാവൽ മന്ത്രിസഭ അധികാരത്തിൽ തുടരും. ദീർഘകാലമായി തുടരുന്ന അതിർത്തി തർക്കത്തിൽ കംബോഡിയയുമായി പോരാട്ടം കനക്കുന്ന ഘട്ടത്തിലാണ് പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയനീക്കം.
മുൻ പ്രധാനമന്ത്രി പായ്തോംഗ്താൻ ഷിനവത്രി അഴിമതി വിവാദങ്ങളിൽപ്പെട്ട് രാജിവെച്ചതിനെ തുടർന്നാണ് സെപ്റ്റംബറിൽ അനുതിൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മൂന്നുമാസം മാത്രമായിരുന്നു അനുതിൻ സർക്കാറിന്റെ കാലാവധി. അനുതിൻ അധികാരം നേടുന്നതിൽ പങ്കുവഹിച്ചത് പ്രധാന പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയായിരുന്നു.
നാല് മാസത്തിനകം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തി പുതിയ ഭരണഘടന തയാറാക്കുന്നതിനായി ജനഹിതപരിശോധന നടത്തണമെന്നുമായിരുന്നു പ്രതിപക്ഷ പാർട്ടിയുടെ ഉപാധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.