ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 100 കടന്നു

ഓസ്റ്റിൻ: ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 104 ആയി. 24 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതുവരെ 850 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. അതേസമയം, ടെക്സസിൽ ഇന്നും വ്യാപക മഴക്ക്സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

സെൻട്രൽ ടെക്സസിലെ ആറ് കൊണ്ടികളിലാണ് പ്രളയമുണ്ടായത്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച കെർ കൗണ്ടിയിൽ മാത്രം 84 പേർ മരിച്ചു. ഇതിൽ 56 പേർ മുതിർന്നവരും 28 പേർ കുട്ടികളുമാണ്.

കെർ കൗണ്ടിയിലെ ഗ്വാഡലൂപ്പെ നദീതീരത്ത് നടന്ന പെൺകുട്ടികളുടെ സമ്മർക്യാമ്പിലാണ് വൻ ദുരന്തമുണ്ടായത്. നിരവധി പെൺകുട്ടികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ക്യാമ്പ് മിസ്റ്റികിൽ മാത്രം പത്ത് കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനുണ്ട്. മിന്നൽ പ്രളയമുണ്ടായി ദിവസങ്ങൾ പിന്നിട്ടതിനാൽ കാണാതായവരെ ഇനി ജീവനോടെ കണ്ടെത്താനാകുമോ എന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്.

ജൂലൈ 4 ന് പെയ്ത കനത്ത മഴയിൽ ഗ്വാഡലൂപ്പെ നദി പെട്ടെന്നാണ് കരകവിഞ്ഞൊഴുകിയത്. 24,000 പേർ താമസിക്കുന്ന കെർവില്ലെ നഗരത്തിലേക്ക് വെള്ളം കുതിച്ചു. പല സ്ഥലങ്ങളിലും നദിയുടെ ജലനിരപ്പ് മണിക്കൂറുകൾക്കുള്ളിൽ 20 അടിയിലധികമാണ് ഉയർന്നത്. ഇതിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സമയം സമ്മർ ക്യാമ്പിൽ ഏകദേശം 700 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. കുട്ടികൾ ഉറങ്ങിക്കിടന്ന കെട്ടിടത്തിന്‍റെ ജനലകളും മതിലും പ്രളയത്തിൽ തകർന്നു.

Tags:    
News Summary - Texas flash flood death toll update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.