പശ്ചിമേഷ്യയിലെ സംഘർഷം; ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര റദ്ദാക്കി കപ്പലുകൾ

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾ റദ്ദാക്കുന്നു. ഹോർമൂസിന് പുറമേ ചെങ്കടലിലെ സൂയസ് കനാൽ വഴിയും കപ്പലുകൾ റദ്ദാക്കുന്നുണ്ട്. ഇതോടെ ഗൾഫിൽ നിന്നുള്ള ചരക്കു നീക്കം നിലക്കുന്നതില്‍ യൂറോപ്പും ആശങ്കയിലാണ്. 

പ്രതിസന്ധി മറികടക്കാനായി ഹൊർമൂസ് ചെങ്കടൽ മേഖലകളിലേക്ക് കൂടുതൽ കപ്പലുകളയക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷക്കായി കൂടുതൽ യുദ്ധ കപ്പലുകൾ അയക്കുമെന്ന് ഫ്രാന്‍സും അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ രണ്ടു കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. അതില്‍ ഒരു കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടയാനാണ് ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യും.

ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റര്‍ മാത്രമാണ് വീതി. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്സിറ്റ് മാര്‍ഗമാണിത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചാല്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍.എന്‍.ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

അതേസമയം, സംഘർഷത്തിന്റെ മൂന്നാംദിനം ലെബനാനിലേക്ക് ഇസ്രായേൽ മിസൈലുകൾ അയച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ബി 2 ബോംബറുകൾ ഉപയോഗിച്ച് വൻ ആക്രമണമാണ് നടക്കുന്നത്. യുദ്ധം ആഴ്ചകൾ നീണ്ടേക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന് നേരെ ആക്രമണം കടുപ്പിക്കുമെന്ന് അമേരിക്കയും ഇസ്രായേലും അറിയിച്ചു. 

Tags:    
News Summary - Tensions in the Middle East; Ships cancel voyages through the Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.