ലാഹോർ: പഞ്ചാബ് പ്രവിശ്യയിൽ കഴിഞ്ഞയാഴ്ച ജനക്കൂട്ടം തകർത്ത ഹിന്ദു ക്ഷേത്രം സർക്കാർ പുനരുദ്ധരിച്ച് വിശ്വാസികൾക്ക് കൈമാറി. സംഭവത്തിൽ 90ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. മദ്റസയിൽ മൂത്രമൊഴിച്ച കേസിൽ എട്ടു വയസുകാരനായ ഹിന്ദു കുട്ടിയെ കോടതി വെറുതെ വിട്ടതിൽ പ്രകോപിതരായ ജനക്കൂട്ടമാണ് റഹീം യാർ ഖാൻ ജില്ലയിലെ ക്ഷേത്രം തകർത്തത്.
ഭീകരക്കുറ്റം ചുമത്തി 150ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്.പി അസദ് സർഫറാസ് പറഞ്ഞു. വിഗ്രഹങ്ങൾ നിർമിക്കുന്നവരെ സിന്ധ് പ്രവിശ്യയിൽനിന്ന് കൊണ്ടുവന്നാണ് ക്ഷേത്ര പുനരുദ്ധാരണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രം നവീകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.ഗണേശ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇംറാൻ ഖാന്റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് സംഭവത്തിൽ സ്വമേധയ കേസെടുത്തു. പഞ്ചാബ് പ്രവിശ്യയുടെ ചീഫ് സെക്രട്ടറി, ഇൻസ്പെക്ടർ ജനറൽ എന്നിവരോട് സുപ്രീംകോടതിയിൽ ഹാജരാവാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
പാകിസ്താൻ ഹിന്ദു കൗൺസിൽ അംഗമായ ഡോ. രമേഷ് കുമാർ വാൻകവാനി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.