ചെന്നൈ: ഡി.എം.കെ നേതൃത്വവുമായി ഒരു പ്രശ്നവുമില്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതൃത്വം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് തങ്ങളെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.എ സെൽവപെരുന്തഗൈ പറഞ്ഞു. മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഉൾപ്പടെ ചർച്ചകൾ നടക്കുകയാണ്. ഇതുസംബന്ധിച്ച നിർദേശങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞഞു.
ഞങ്ങൾ ചോദിക്കുന്ന സീറ്റുകൾ ഉറപ്പായും ഡി.എം.കെ നൽകും. അതിൽ ഒരു സംശയവും ഉണ്ടാവില്ല. സഖ്യചർച്ചകൾ നടത്തി തീരുമാനങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026 ഏപ്രിലിൽ തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ 234 അംഗ നിയമസഭയിൽ ഡി.എം.കെ 133 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസ് 18 സീറ്റുകളിൽ ജയിച്ചപ്പോൾ പി.എം.കെക്ക് അഞ്ച് സീറ്റും വി.സി.കെക്ക് നാലും മറ്റുള്ളവർക്ക് എട്ട് സീറ്റുകളുമുണ്ട്. ഇക്കുറി നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെയും മത്സര രംഗത്തുണ്ട്. ഇത് ഡി.എം.കെയേയും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തേയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം, ഇക്കുറി നിയമസഭയിൽ 200 സീറ്റുകൾ നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ച് കഴിഞ്ഞു. പാർട്ടി യുവജന വിഭാഗത്തിന്റെ മീറ്റിങ്ങിനിടെയാണ് 200 സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്നും അതിനായി പ്രവർത്തകർ അഹോരാത്രം പണിയെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടത്. നേരത്തെ ടി.വി.കെയുമായി സഖ്യമുണ്ടാക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.