രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച വാർത്തസമ്മേളനത്തിന് രാഹുൽ ഗാന്ധി എത്തിയത് കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞ്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ഡൽഹി പൊലീസ് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. സി.ജെ.പി (കോക്രോച്ച് ജനത പാർട്ടി) പ്രതിഷേധത്തിൽ വിദ്യാർഥികളെ പൊലീസ് നേരിടുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ് വാർത്തസമ്മേളനം നടത്തിയത്.
‘അടിച്ചമർത്താൻ വിദ്യാർഥികൾ എന്താണ് ചെയ്തത്. അവർ കുറ്റവാളികൾ ആയിരുന്നില്ല. രാജ്യത്തെ വിദ്യാർഥികളെ കേൾക്കാനാണ് അവർ ആവശ്യപ്പെട്ടത്. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്. വിദ്യാർഥികൾ ആത്മഹത്യ ചെയ്യുകയാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. വിദ്യാർഥികൾ ഭീകരവാദികളല്ല. അവർ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്’ -രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ധർമേന്ദ്ര പ്രധാൻ പരാജയപ്പെട്ടു. അദ്ദേഹം രാജിവെക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. ഈ സംവിധാനം മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം പ്രാപ്തനല്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് വിദ്യാർഥികളുടെ ന്യായമായ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ യുവത്വത്തിന് ഭാവിയില്ലെന്നും കോർപറേറ്റ് ജോലി എ.ഐ കാരണം തകർന്നെന്നും രാഹുൽ പറഞ്ഞു.
അതേസമയം, സി.ജെ.പി മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണിയിലെ എം.പിമാർ കറുത്ത വസ്ത്രമണിഞ്ഞ് ഇന്ന് പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ കറുത്ത വസ്ത്രം അണിഞ്ഞാണ് ഇതിൽ പങ്കെടുത്തത്. പ്രതിപക്ഷ പാർട്ടികളിലെ എം.പിമാരും പ്രതിഷേധത്തിൽ പങ്കാളികളായി. സമാജ്‍വാദി പാർട്ടി എം.പിമാർ കറുത്ത സ്കാർഫ് ധരിച്ചാണ് സഭയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.