കാബൂള്‍: തന്ത്രപ്രധാന വ്യോമതാവളമായ ബഗ്രാം തിരിച്ചുപിടിക്കാന്‍ യു.എസ് ശ്രമിച്ചാല്‍ മറ്റൊരു യുദ്ധത്തിന് തയാറെടുപ്പ് നടത്തുമെന്ന് താലിബാന്‍. കാണ്ഡഹാറില്‍ ചേര്‍ന്ന ഉന്നതതല നേതൃയോഗത്തിലാണ് താലിബാന്‍ നേതാക്കള്‍ തീരുമാനമെടുത്തത്. ബഗ്രാം തിരിച്ചുപിടിക്കാനുള്ള യു.എസ് ശ്രമങ്ങളുമായി പാകിസ്താന്‍ സഹകരിച്ചാല്‍ അത് താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് അവരെ നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദയുടെ നേതൃത്വത്തിൽ രഹസ്യയോഗം നടന്നതായി സി.എൻ.എന്‍-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. കാബിനറ്റ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ മേധാവികള്‍, സൈനിക കമാന്‍ഡര്‍മാര്‍, ഉലമ കൗണ്‍സില്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സേന തിരിച്ചുപിടിക്കാനുള്ള സാധ്യതയെക്കുറിച്ച് അടുത്തിടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താലിബാന്‍ യോഗത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചത്. താലിബാന്‍ വഴങ്ങിയില്ലെങ്കില്‍ 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്നായിരുന്നു നേരത്തെ ട്രംപിന്‍റെ പരാമർശം. ഇതിന്‍റെ പശ്ചാത്തലത്തിൽ യു.എസ് സൈനിക നടപടികള്‍ക്കുള്ള സാധ്യതകൾ താലിബാൻ നേതാക്കളുടെ യോഗത്തിൽ പ്രധാന ചർച്ചയായി. വ്യോമതാവളം അമേരിക്കന്‍ സൈന്യത്തിന് കൈമാറാനുള്ള സാധ്യത താലിബാന്‍ നേതൃത്വം ഐകകണ്ഠ്യേന തള്ളി. ആക്രമിക്കപ്പെട്ടാല്‍ 'യുദ്ധത്തിന് തയാറെടുക്കുമെന്നും' അവര്‍ പറഞ്ഞു.
പാകിസ്താനുള്ള കര്‍ശന മുന്നറിയിപ്പായിരുന്നു യോഗത്തിലെ മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. സാധന സാമഗ്രികള്‍ നല്‍കിയോ നയതന്ത്രപരമായോ സൈനികപരമായോ ഏതെങ്കിലും തരത്തില്‍ പാകിസ്താന്‍ യു.എസിനെ സഹായിക്കുകയാണെങ്കില്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ പാകിസ്താനെ ശത്രുരാജ്യമായി കണക്കാക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതായി താലിബാന്‍ വൃത്തങ്ങള്‍ പറയുന്നു. ആസന്നമായ ഭീഷണി നേരിടാന്‍ ആഗോള, പ്രാദേശിക ശക്തികളുമായി അടിയന്തരമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെയും വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയെയും താലിബാന്‍ നേതൃത്വം ചുമതലപ്പെടുത്തി.
താലിബാന്റെ നിലപാട് അറിയിക്കുന്നതിനും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനെതിരെയും മുന്നറിയിപ്പ് നല്‍കുന്നതിനായി റഷ്യ, ചൈന, ഇറാന്‍, പാകിസ്താന്‍, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടും. ഇന്ത്യയുമായി ഇക്കാര്യം സംസാരിക്കാൻ തയാറാണെന്നും താലിബാൻ വൃത്തങ്ങൾ പറയുന്നു. ബഗ്രാം വിട്ടുനല്‍കാന്‍ താലിബാന്‍ വിസമ്മതിക്കുന്നതും പുതിയ യുദ്ധഭീഷണി മുഴക്കുന്നതും പാകിസ്താന് നല്‍കിയ പരസ്യമായ മുന്നറിയിപ്പും മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.