തായ്പെയ്: തായ്വാന് ചുറ്റും ചൈന നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ കടുത്ത വിമർശനം. അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽപറത്തി അയൽരാജ്യങ്ങളെ സൈനികമായി ഭീഷണിപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് തായ്വാൻ പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷം വർധിപ്പിച്ച് ചൈന സൈനികാഭ്യാസം തുടങ്ങിയത്. തായ്വാന് തൊട്ടരികിലായി യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, ദീർഘദൂര മിസൈലുകൾ എന്നിവ വിന്യസിച്ചായിരുന്നു നടപടി.
28 കപ്പലുകളും 89 യുദ്ധവിമാനങ്ങളും നാല് യുദ്ധക്കപ്പലുകളുമടങ്ങുന്നതായിരുന്നു ചൈനയുടെ സൈനിക വിന്യാസം. ഇതേ തുടർന്ന്, തായ്വാനും ആയുധങ്ങളും സൈനികരെയും വിന്യസിച്ച് ജാഗ്രത ഉറപ്പാക്കി. ചൈന പതിവായി യുദ്ധവിമാനങ്ങളും നാവികസേന കപ്പലുകളും ദ്വീപിന് ചുറ്റും അയക്കാറുണ്ടെങ്കിലും ഭീഷണി കൂടുതൽ പരസ്യമാക്കിയാണ് ഇത്തവണ സൈനികാഭ്യാസം നടത്തിയത്. തായ്വാൻ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ‘വിഘടന ശക്തികൾക്ക്’ മുന്നറിയിപ്പായാണ് നടപടിയെന്നാണ് ചൈനയുടെ വിശദീകരണം.
അടുത്തിടെ 1100 കോടി ഡോളറിന്റെ ആയുധങ്ങൾ വാങ്ങാൻ തായ്വാൻ യു.എസുമായി കരാറിലെത്തിയിരുന്നു. സ്വതന്ത്രരാജ്യമാണെന്ന് തായ്വാൻ ജനത വിശ്വസിക്കുന്നുവെങ്കിലും തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.
സൈനിക നടപടി വഴി കൂട്ടിച്ചേർക്കുമെന്നും ഭീഷണിയുണ്ട്. സമാധാനപരമായി ചൈനയുടെ ഭാഗമാകണമെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.