ഇ.യു കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ
വാഷിങ്ടൺ: ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രധാന ലാഭം കൊയ്യുന്നത് റഷ്യയാണെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. ആഗോള വിപണിയിലെ കുതിച്ചുയരുന്ന ഇന്ധനവിലയും നാലു വർഷമായി തുടരുന്ന യുക്രെയ്ൻ അധിനിവേശത്തിൽനിന്നുള്ള ലോകശ്രദ്ധ തിരിയുന്നതും മോസ്കോയ്ക്ക് അങ്ങേയറ്റം ഗുണകരമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസൽസിൽ യൂറോപ്യൻ യൂനിയൻ അംബാസഡർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ യുദ്ധത്തിൽ ഒരേയൊരു വിജയി മാത്രമേ ഉള്ളൂ.. അത് റഷ്യയാണ്’ -കോസ്റ്റ പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ ഊർജ വില വർധിക്കുന്നത് യുക്രെയ്നെതിരായ പോരാട്ടത്തിന് ആവശ്യമായ കൂടുതൽ വിഭവങ്ങൾ കണ്ടെത്താൻ റഷ്യയെ സഹായിക്കുന്നുണ്ട്. മാത്രമല്ല, യുക്രെയ്‌ന് നൽകേണ്ടിയിരുന്ന സൈനിക സഹായങ്ങൾ മിഡിലീസ്റ്റിലേക്ക് വഴിതിരിഞ്ഞതും അനുകൂലമായ സാഹചര്യമാണ് റഷ്യക്ക് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം 11ാം ദിവസത്തിലേക്ക് കടന്നതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. പേർഷ്യൻ ഗൾഫിലെ യു.എസ്, ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ, പ്രകൃതിവാതക നീക്കം ഏകദേശം പൂർണമായും നിലച്ചിരിക്കുന്ന അവസ്ഥയാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാനും വിവിധ വ്യവസായ മേഖലകളെ പ്രതിസന്ധിയിലാക്കാനും കാരണമായിട്ടുണ്ട്.
അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വിമർശിച്ച കോസ്റ്റ, എല്ലാ കക്ഷികളും ചർച്ചയുടെ മേശയിലേക്ക് മടങ്ങിവരണം. സ്വാതന്ത്ര്യവും മനുഷ്യാവകാശവും ബോംബുകൾകൊണ്ട് സംരക്ഷിക്കാൻ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. കൂടുതൽ സംഘർഷങ്ങൾ മേഖലയെയും യൂറോപ്പിനെയും തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.