യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

‘അമേരിക്ക ആക്രമണം ശക്തമാക്കുന്നു’; ഇറാനെതിരെ മുന്നറിയിപ്പുമായി യു.എസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ അമേരിക്ക അതീവ ശക്തമാക്കുന്നു. സംഘർഷം തുടങ്ങിയ ശേഷമുള്ള ഏറ്റവും ആഘാതമേറിയ ആക്രമണ പരമ്പരക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുകയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. പെന്റഗണിൽ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നിനൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിലാണ് നിർണായകമായ ഈ സൈനിക നീക്കം അദ്ദേഹം വ്യക്തമാക്കിയത്.

"ഇന്ന് ഇറാനുള്ളിൽ ഞങ്ങൾ നടത്തുന്ന ഏറ്റവും തീവ്രമായ ആക്രമണ ദിവസമായിരിക്കും." ഹെഗ്‌സെത്ത് പറഞ്ഞു. ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിച്ചുള്ള സൈനിക നീക്കമാണ് യു.എസ് നടത്തുന്നത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുൻകാലങ്ങളിലെപ്പോലെ നീണ്ടുനിൽക്കുന്ന യുദ്ധങ്ങൾക്കോ രാഷ്ട്രനിർമാണത്തിനോ തങ്ങൾ മുതിരുന്നില്ലെന്നും, എന്നാൽ ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ഹിസ്ബുല്ല, ഹൂതികൾ, ഹമാസ് തുടങ്ങിയ അവരുടെ സഖ്യകക്ഷികൾ ദുർബലമായെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും മറയാക്കിയാണ് ഇറാൻ മിസൈലുകൾ വിക്ഷേപിക്കുന്നതെന്നും, സ്വന്തം ജനതയുടെ ജീവൻ ഇറാൻ നേതൃത്വം മനഃപൂർവ്വം അപകടത്തിലാക്കുന്നുവെന്നും ഹെഗ്‌സെത്ത് ആരോപിച്ചു.

അബുദാബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലുള്ള എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പശ്ചിമേഷ്യയിലെ എണ്ണ വിപണിയെയും സുരക്ഷയെയും ഈ സംഭവം വലിയ ആശങ്കയിലാക്കുന്നുണ്ട്. മേഖലയിൽ സമ്പൂർണ യുദ്ധത്തിന്റെ ഭീതി പടർത്തിക്കൊണ്ടാണ് അമേരിക്കയുടെ ഈ പുതിയ സൈനിക മുന്നറിയിപ്പ് പുറത്തുവരുന്നത്.

Tags:    
News Summary - U.S Defense Secretary warns Iran over U.S aggression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.