ഇറാൻ പുറത്തുവിട്ട യു.എസ് മിസൈലിന്റെ അവശിഷ്ടങ്ങൾ
തെഹ്റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങളിലെ മിസൈൽ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ. ഇറാന്‍റെ നാവിക താവളത്തിനും പ്രൈമറി സ്കൂളിനും നേരെയുണ്ടായ ആക്രമണത്തിൽ 165 വിദ്യാർഥിനികൾ ഉൾപ്പെടെ 178 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2014ലോ അതിനുശേഷമോ നിർമിച്ച യു.എസിന്‍റെ ടോമാഹോക്ക് ക്രൂയിസ് മിസൈലുമായി പൊരുത്തപ്പെടുന്ന സീരിയൽ നമ്പറുകളും അടയാളങ്ങളും അവശിഷ്ടങ്ങളിൽ ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.
ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ശജറ ത്വയ്യിബ എലിമെന്ററി സ്കൂളിന് സമീപം പ്രദർശിപ്പിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ കാണാം. സ്കൂളിനെ തകർത്ത മിസൈലിന്‍റെ ഭാഗങ്ങളാണിതെന്ന് പൂർണമായും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യു.എസ് പ്രതിരോധ വകുപ്പിന്റെ ലേബലിംഗും വിതരണ റെക്കോർഡുകളുമായും യോജിക്കുന്നവയാണ് മിസൈൽ അവശിഷ്ടങ്ങൾ.
മുമ്പ് യമനിലും സിറിയയിലും അമേരിക്ക പ്രയോഗിച്ച ടോമാഹോക്ക് മിസൈൽ ഘടകങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഇവയെന്ന് മുൻ യു.എസ് ആർമി എക്സ് പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ ടെക്നീഷ്യനായ ട്രെവർ ബോൾ സ്ഥിരീകരിച്ചു. ഇസ്രായേലിന്‍റെ കൈവശം ഈ മിസൈലുകൾ ഉള്ളതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന കൃത്യതയോടെ കരയിലെ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ കഴിവുള്ള ആയുധങ്ങളായാണ് ടോമോഹോക്കിനെ യു.എസ് വിശേഷിപ്പിക്കുന്നത്. ഇറാന്‍റെ നാവിക താവളം ആക്രമിക്കാൻ യുദ്ധക്കപ്പലുകൾ ടോമോഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്നത് ഫെബ്രുവരി 28ന് യു.എസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ട വീഡിയോകളിൽ വ്യക്തമാണ്.
ഇറാനാണ് സ്കൂൾ ആക്രമണത്തിന് പിന്നിലെന്ന തരത്തിൽ ഇറാന്‍റെ കൈയിലും ടോമോഹാക്ക് മിസൈലുകളുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഒരുപാട് രാജ്യങ്ങളുടെ കൈയിൽ ടോമോഹോക്ക് ഉണ്ടെന്നും അവർ തങ്ങളിൽ നിന്നും മിസൈലുകൾ വാങ്ങുന്നതാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ യു.എസ്, യു.കെ, ആസ്ട്രേലിയ, ജപ്പാൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുടെ കൈവശം മാത്രമാണ് ടോമോഹോക്ക് മിസൈലുകൾ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.