വാഷിങ്ടൺ: സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമാക്കുന്നതിന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും നൽകിയെന്നാരോപിച്ച് ഇന്ത്യൻ കമ്പനി ഉൾപ്പെടെ സ്ഥാപനങ്ങൾക്കും എട്ട് വ്യക്തികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഛത്തിസ്ഗഢിലെ റായ്പൂർ ആസ്ഥാനമായ എസ്.ബി.എൽ എനർജി ലിമിറ്റഡ് (അമിൻ എക്സ്പ്ലോസിവ്) എന്ന കമ്പനിയും സി.ഇ.ഒ അലോക് ചൗധരിയുമാണ് ഉപരോധത്തിൽ ഉൾപ്പെട്ടത്. സുഡാൻ സായുധ സേനയുടെ (എസ്.എ.എഫ്) ആയുധശേഖരം പരിപാലിക്കുന്ന കമ്പനിക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചെന്നാണ് എസ്.ബി.എല്ലിനെതിരായ ആരോപണം. അമേരിക്കൻ ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് വെള്ളിയാഴ്ചയാണ് നടപടി പ്രഖ്യാപിച്ചത്.
സുഡാൻ ആസ്ഥാനമായ ടാർഗെറ്റ് മൾട്ടി ആക്ടിവിറ്റീസ് കമ്പനി, സുഡാനിലെ ഡിഫൻസ് ഇൻഡസ്ട്രീസ് സിസ്റ്റം, അതിന്റെ ഉപസ്ഥാപനമായ ജിയാദ് ഇൻഡസ്ട്രിയൽ ഗ്രൂപ്, സുഡാൻ സർക്കാർ ഉടമസ്ഥതയിലുള്ള സിവിൽ എൻജിനീയറിങ് സ്ഥാപനമായ പോർട്ട്സ് എൻജിനീയറിങ് കമ്പനി, പാനമയിൽ രജിസ്റ്റർ ചെയ്ത ടാലന്റ് ബ്രിഡ്ജ് എന്ന കമ്പനിയിലെ മൂന്ന് എക്സിക്യൂട്ടിവുകൾ എന്നിവയും ഉപരോധ പട്ടികയിൽ ഉൾപ്പെട്ടു.
സുഡാൻ സായുധ സേനയും വിമത വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും ഏറ്റുമുട്ടൽ തുടരുകയാണ്. ഒന്നര ലക്ഷത്തിലധികം പേർ കൊല്ലപ്പെടുകയും 45 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തെന്നാണ് കണക്ക്. രൂക്ഷമായ പട്ടിണിക്കും ആഭ്യന്തര സംഘർഷം കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.