തെഹ്റാൻ: ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ 20 ശതമാനവും നടക്കുന്ന ഹുർമുസ് കടലിടുക്ക് 30 ദിവസം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹുർമുസ് കടലിടുക്ക് നിയന്ത്രണത്തിൽ എല്ലാ കക്ഷികളും ഇടപെടരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അഭ്യർത്ഥിച്ചു. ബാഗ്ദാദിൽ നടത്ത വാർർത്താ സമ്മേളനത്തിലായിരുന്നു അരാഗ്ചിയുടെ പ്രതികരണം.
അതേസമയം ഇരു പക്ഷവും ആക്രമണം നടന്ന് ജൂൺ 26 മുതൽ 28 വരെ, രണ്ട് വ്യത്യസ്ത സമയപരിധികളിലായി ആകെ 48 ഇന്ധന കപ്പലുകൾ കടലിടുക്ക് വഴി കടന്നുപോയി. 23 എണ്ണ, വാതക ടാങ്കറുകളും ഏഴ് ബൾക്ക് കാരിയറുകളും ഇതിൽ ഉൾപ്പെടുന്നു.ഏകദേശം 19 ചരക്ക് അല്ലെങ്കിൽ കണ്ടെയ്നർ കപ്പലുകളും ജലപാതയിലൂടെ കടന്നുപോയി.
അതേസമയം ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച യുദ്ധത്തിൽ യു.എസും ഇറാനും വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചതായും റിപ്പോർട്ട് ഉണ്ട്. ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനും അമേരിക്കയും ഇറാനും ധാരണയായതായി ആക്സിയോസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സും വാർത്ത സ്ഥിരീകരിച്ചു.
“ധാരണാപത്രത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക ചർച്ചകൾ തുടരും. ഇരുപക്ഷവും ഇപ്പോൾ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കും, കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാം,” ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എല്ലാ ആക്രമണങ്ങളും നിർത്താൻ യു.എസ് തീരുമാനിച്ചിരുന്നതായി ആക്സിയോസ് റിപ്പോർട്ടിൽ പറയുന്നു.
ഹുർമുസ് കടലിടുക്കിൽ കേന്ദ്രീകരിച്ചായിരിക്കും ദോഹയിലെ ചർച്ചയെന്നും, യു.എസ് സാങ്കേതിക സംഘത്തെ നയിക്കുന്ന നിക്ക് സ്റ്റുവർട്ട് ചർച്ചയിൽ പങ്കെടുക്കുമെന്നും ആക്സിയോസ് കൂട്ടിച്ചേർത്തു. റിപ്പോർട്ടുകളെക്കുറിച്ച് ഇറാനോ അമേരിക്കയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധയിടങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇനി അമേരിക്ക ആക്രമിക്കുകയാണെങ്കിൽ നരകതുല്യമായ തിരിച്ചടി പ്രതീക്ഷിച്ചുകൊള്ളാൻ ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പും നൽകി. ഇറാനിലെ ഖിഷ്മ് ദ്വീപിലും സിരിക്, ബന്ദർ-ഇ ലെങ്കിഹ് നഗരങ്ങളിലുമായിരുന്നു യു.എസിന്റെ ആക്രമണം.
സ്വിറ്റ്‌സർലൻഡിലെ ചർച്ചകൾക്കു ശേഷം വ്യാഴാഴ്ച വാണിജ്യ കപ്പലിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയെന്ന് അവകാശപ്പെട്ടാണ് ഇറാനെതിരെ യു.എസ് വീണ്ടും ആക്രമണം ആരംഭിച്ചത്. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തങ്ങൾ നിശ്ചയിക്കുന്ന പാതയിലൂടെ അല്ലാതെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു വകവെക്കാതെ പുതിയ പാതയിലൂടെ സഞ്ചരിച്ച ‘എവർ ലവ്‌ലി’ എന്ന സിംഗപ്പൂർ പതാകയേന്തിയ കപ്പലിനുനേരെ ആക്രമണമുണ്ടായതാണ് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയത്.
ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ പുതിയ നീക്കം തകർച്ചയുടെ വക്കിലായിരുന്ന ഇടക്കാല സമാധാന കരാർ നിലനിർത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മധ്യസ്ഥർ. കഴിഞ്ഞ ആഴ്ച സ്വിറ്റ്സർലെൻഡിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് യു.എസും ഇറാനും പരസ്പരം ആരോപിച്ചിരുന്നു.വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ചരക്ക് കപ്പലിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന പ്രത്യാക്രമണങ്ങൾക്ക് ശേഷമാ വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനും, ഇറാന്‍റെ ആണവ പരിപാടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താനും ഹുർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നുകൊടുക്കാനുമായിരുന്നു 14-ഇന ഇടക്കാല സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.