ജിയാനി ഇൻഫാന്റിനോ
വാഷിങ്ടൺ: വരാനിരിക്കുന്ന ലോകകപ്പുകളുടെ വാണിജ്യ-സംപ്രേക്ഷണ അവകാശങ്ങൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് ഫിഫയിൽ ഉയർന്ന വിവാദങ്ങളിൽ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പരസ്യ പിന്തുണയുമായി യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ അഭിഭാഷകനും ന്യൂയോർക്ക് മുൻ മേയറുമായ റൂഡി ഗിലിയാനിയുടെ മകൻ ആൻഡ്രൂ ഗിലിയാനി രംഗത്ത്. ഫിഫ ലോകകപ്പിനായി രൂപീകരിച്ച ടാസ്ക് ഫോഴ്‌സിന്റെ തലവനാണ് ആൻഡ്രൂ ഗിലിയാനി. ലോകകപ്പ് വാണിജ്യവൽക്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളും സാമ്പത്തിക ആരോപണങ്ങളും ഫിഫയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനിടെയാണ് ഇൻഫാന്റിനോയെ പ്രതിരോധിച്ചുകൊണ്ടുള്ള ഗിലിയാനിയുടെ ഇടപെടൽ.
ഫിഫയുടെ വാണിജ്യ താല്പര്യങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് തീറെഴുതിക്കൊടുക്കുന്നു എന്ന ആരോപണത്തെ തുടർന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതികളും വിവിധ ക്ലബ്ബുകളും ഇൻഫാന്റിനോയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ആഗോളതലത്തിൽ ഫുട്ബോളിന്റെ വളർച്ചയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും വലിയ നിക്ഷേപങ്ങൾ അനിവാര്യമാണെന്നും ഇൻഫാന്റിനോയുടെ നേതൃത്വത്തിലുള്ള പരിഷ്കാരങ്ങൾ കായിക മേഖലയ്ക്ക് കരുത്തുപകരുമെന്നുമാണ് ഗിലിയാനി വാദിക്കുന്നത്. ഇൻഫാന്റിനോയ്ക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫുട്ബോളിന്റെ ആധുനികവൽക്കരണത്തെ തുരങ്കം വെക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇൻഫാന്റിനോ സ്വീകരിച്ച സാമ്പത്തിക-വാണിജ്യ നയങ്ങൾ ഫുട്ബോളിന്റെ ദീർഘകാല വളർച്ചയ്ക്ക് ഗുണകരമാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ സ്വാഭാവികമായ ഭരണപരമായ വിയോജിപ്പുകൾ മാത്രമാണെന്നും ആൻഡ്രൂ കൂട്ടിച്ചേർത്തു. ലോകകപ്പ് കഴിഞ്ഞിട്ടും വാണിജ്യ ഇടപാടുകളിലെ വരുമാന വിതരണവും അവകാശ കൈമാറ്റങ്ങളും സംബന്ധിച്ച തർക്കങ്ങൾ ഫിഫ വൃത്തങ്ങളിൽ ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.