അഫ്ഗാനിൽ വീണ്ടും താലിബാൻ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തതിന്റെ അഞ്ചാം വാർഷികത്തിന് തൊട്ടുമുമ്പ് രാജ്യത്ത് വീണ്ടും ഉന്നത ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് ആക്രമണം. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാൻ പ്രവിശ്യയിലെ മേയർ ഹബീബു റഹ്മാൻ മൻസൂർ ആണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബദഖ്ഷാനിൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത താലിബാൻ ഉദ്യോഗസ്ഥനാണ് മൻസൂർ.

വ്യാഴാഴ്ച രാത്രി പ്രവിശ്യാ തലസ്ഥാനമായ ഫൈസാബാദിൽ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് മൻസൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

2021 ആഗസ്റ്റ് 15ന് അമേരിക്കയുടെയും നാറ്റോ സേനകളുടെയും പിന്മാറ്റത്തെ തുടർന്നാണ് താലിബാന് വീണ്ടും അഫ്ഗാനിസ്ഥാനിൽ ഭരണം ലഭിച്ചത്. ഇതിന്റെ അഞ്ചാം വാർഷികം ആചരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ ആക്രമണം. രണ്ടാഴ്ച മുമ്പ് ബദഖ്ഷാനിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ സബീഹുള്ള അമീരിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഫൈസാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെ രണ്ട് തോക്കുധാരികൾ അമീരിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരിച്ചടിയിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ പിടിയിലാകുകയും ചെയ്തു. 2024 ഡിസംബറിൽ കാബൂളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ അന്നത്തെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Another senior Taliban official killed in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.