ലണ്ടൻ: ബ്രിട്ടനെ ‘ഇസ്ലാമിക് റിപ്പബ്ലിക്’ എന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി യു.കെ രംഗത്ത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ പരാമർശങ്ങൾ തീർത്തും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് യു.കെ സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ ഇസ്രായേൽ സർക്കാരുമായി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതായും യു.കെ വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേൽ ആർമി റേഡിയോ പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടയിലാണ് നെതന്യാഹുവിന്റെ ഭാഗത്തുനിന്ന് ഈ വിവാദ പരാമർശമുണ്ടായത്. 1967 ലെ ആറു ദിവസത്തെ യുദ്ധകാലത്ത് വിൻസ്റ്റൺ ചർച്ചിലിന്റെ കുടുംബാംഗങ്ങൾ ഇസ്രായേലിന് അനുകൂലമായ വാർത്തകൾ നൽകിയതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം യു.കെയെക്കുറിച്ച് പരാമർശം നടത്തിയത്. ഇന്നത്തെ ബ്രിട്ടനിൽ അത്തരം അനുകൂലമായ വാർത്തകൾ കണ്ടെത്താൻ കഴിയുമോ എന്ന് ചോദിച്ച അദ്ദേഹം, ബ്രിട്ടനെ ‘ഇസ്ലാമിക് റിപ്പബ്ലിക്’ എന്നാണ് വിശേഷിപ്പിച്ചത്.
പോഡ്‌കാസ്റ്റ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, ആണവായുധങ്ങളുള്ള ആദ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക് ബ്രിട്ടനായിരിക്കുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെന്നും, അത്തരമൊരു സാഹചര്യം ഇറാനിൽ ഉണ്ടാകാതിരിക്കാനാണ് തങ്ങൾ ഉറപ്പുവരുത്തുന്നതെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ, ഈ പരാമർശം മുൻപ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ ഒരു പ്രസ്താവനയുടെ ആവർത്തനം മാത്രമാണെന്ന തരത്തിലാണ് ഇസ്രായേൽ സർക്കാർ വക്താവ് ഡേവിഡ് മെൻസർ പിന്നീട് പ്രതികരിച്ചത്.
കഴിഞ്ഞ വർഷം ഫലസ്തീൻ രാഷ്ട്രത്തെ ബ്രിട്ടൻ അംഗീകരിച്ചത് മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയപരമായ ബന്ധത്തിൽ അകൽച്ച നിലനിൽക്കുന്നുണ്ട്. പുതിയ പ്രധാനമന്ത്രിയായ ആൻഡി ബർണാമിന്റെ കീഴിലും ഇസ്രായേലിന്റെ ഗസ്സ നയങ്ങളോടുള്ള അതൃപ്തി യു.കെ തുറന്നുപ്രകടിപ്പിച്ചിരുന്നു. വെസ്റ്റ് ബാങ്ക് കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും യു.കെ വ്യക്തമാക്കിയിട്ടുണ്ട്. നയപരമായ ഇത്തരം ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പുതിയ പരാമർശവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരും വീണ്ടും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.