തെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാൻ ട്രംപ് തയാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അഭിപ്രായ സർവേകളിൽ നെതന്യാഹു പിന്നോട്ട് പോകുന്നതും, ചില നയപരമായ തീരുമാനങ്ങളിലെ വിയോജിപ്പുമാണ് യു.എസ് പിന്തുണ വൈകാൻ കാരണമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന രെരഞ്ഞെടുപ്പിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നെതന്യാഹുവിന്റെ പ്രചാരണം. എന്നാൽ, അഭിപ്രായ സർവേകളിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന നെതന്യാഹു തനിക്ക് തന്നെ വില്ലനായി മാറുന്നുവെന്നാണ് ട്രംപ് അടുത്തിടെ വ്യക്തിപരമായി അഭിപ്രായപ്പെട്ടത്. ഇതിനിടെ നെതന്യാഹുവിന്റെ അടുത്തിടെ നടന്ന വാഷിങ്ടൺ സന്ദർശനത്തിനിടയിലും തെരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച് ട്രംപ് ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ ഇറാന് നേരെയുള്ള യുദ്ധത്തിൽ ഇരു രാജ്യവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
ഇസ്രായേലിൽ നടന്ന സർവേകളിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി എതിരാളികളായ യാഷർ കക്ഷിയേക്കാൾ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 120 അംഗ നെസറ്റിൽ നെതന്യാഹുവിന്റെ സഖ്യകക്ഷികളുടെ സീറ്റുകൾ ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നും, പ്രധാന എതിരാളിയായ ഗാഡി ഐസൻകോട്ട് സർക്കാർ രൂപീകരിക്കാൻ കൂടുതൽ മുന്നിലാണെന്നും സർവേകൾ വ്യക്തമാക്കുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങളാണ് യു.എസ് ഭരണകൂടത്തെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇറാൻ, ലബനൻ, ഗസ്സ വിഷയങ്ങളിലെ നെതന്യാഹുവിന്റെ സമീപനങ്ങളിലും തീരുമാനങ്ങളിലും ട്രംപിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇത് പല ഘട്ടങ്ങളിലായി ട്രംപ് പരസ്യമായി തുറന്ന് പറയുകയും ചെയ്തിരുന്നു. മുൻകാലങ്ങളിൽ മറ്റ് രാജ്യങ്ങളിലെ തങ്ങളുടെ സഖ്യകക്ഷികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ട്രംപ്, ഇത്തവണ ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നിലവിൽ നിഷ്പക്ഷത പാലിക്കുകയാണ്. അതേസമയം, വരും ദിവസങ്ങളിൽ ട്രംപ് നെതന്യാഹുവിന് അനുകൂലമായി രംഗത്തുവരുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.